ന്യൂഡൽഹി: പണവും ശക്തിയും അധികാരവുമുപയോഗിച്ച് തങ്ങളുടെ എം.എൽ.എമാരെ ബി.ജെ.പി തട്ടിയെടുക്കുകയാണെന്ന കോൺഗ്രസിെൻറ പരാതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. തിങ്കളാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്തിലെ മുഴുവൻ കോൺഗ്രസ് എം.എൽ.എമാർക്കും അവരുടെ കുടുംബങ്ങൾക്കും പൊലീസ് സംരക്ഷണം നൽകാനും നിർദേശിച്ചു.
കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, അഭിേഷക് മനു സിംഗ്വി എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷൻ നടപടി. ഗുജറാത്ത് പൊലീസ് ഒാഫിസറെ ഉപയോഗിച്ച് കോൺഗ്രസ് എം.എൽ.എയെ തട്ടിക്കൊണ്ടുപോയതടക്കമുള്ള സംഭവങ്ങൾ വിവരിച്ചായിരുന്നു കോൺഗ്രസിെൻറ പരാതി. ആറ് കോൺഗ്രസുകാരെ ബി.ജെ.പി അടർത്തിയെടുക്കുകയും അവരിലൊരാളെ രാജ്യസഭാ സ്ഥാനാർഥിയാക്കുകയും മൂന്നുപേർ കൂടി ബി.ജെ.പി ചായ്വ് പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോൺഗ്രസ് കമീഷനെ സമീപിച്ചത്.
ബി.ജെ.പിയിൽനിന്ന് തങ്ങളുടെ എം.എൽ.എമാരെ രക്ഷിക്കാൻ അവരെയുംകൊണ്ട് ബംഗളൂരുവിലേക്ക് പറക്കുകയായിരുന്നു കോൺഗ്രസ്. ഇന്ദിര ഗാന്ധിയുടെ രാഷ്്്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പേട്ടലിനെ തോൽപിക്കാനുള്ള അമിത് ഷായുടെ നീക്കം പരാജയപ്പെടുത്താനാണ് കോൺഗ്രസ് 40 എം.എൽ.എമാരെ കർണാടകയിലേക്ക് കൊണ്ടുപോയി പാർപ്പിച്ചിരിക്കുന്നത്.
ബംഗളൂരുവിലുള്ള 40ഉം ഗുജറാത്തിലുള്ള നാലും കോൺഗ്രസ് എം.എൽ.എമാരും രണ്ട് എൻ.സി.പി എം.എൽ.എമാരും വോട്ടുെചയ്താൽ അഹ്മദ് പേട്ടൽ രക്ഷപ്പെടുമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോഴും കോൺഗ്രസ്.
കൂടുതൽ കോൺഗ്രസ് എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാനുള്ള നീക്കം മുന്നോട്ടുകൊണ്ടുപോകാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിൽ അമർന്നപ്പോൾ എം.എൽ.എമാരെയും കൊണ്ട് റിസോർട്ടിലേക്ക് പറക്കുകയായിരുന്നു കോൺഗ്രസ് എന്ന വിമർശനവുമായി മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തുവന്നിട്ടുണ്ട്.
എന്നാൽ, തങ്ങളുടെ എം.എൽ.എമാരുടെ ജീവൻ അപകടത്തിലായ ഘട്ടത്തിലാണ് അവരെ കർണാടകയിലെത്തിച്ചതെന്ന് കോൺഗ്രസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.