ബംഗളൂരു: കൂറുമാറ്റം തടയാൻ കർണാടകയിലെ റിസോർട്ടിൽ ‘ഒളിപ്പിച്ച’ ഗുജറാത്ത് എം.എൽ.എമാർ തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങും. ഗുജറാത്തിലെ ഒഴിവുവന്ന മൂന്നു രാജ്യസഭ സീറ്റുകളിലൊന്നിൽ സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അഹമ്മദ് പട്ടേലിെൻറ ജയം ഉറപ്പാക്കാനാണ് കോൺഗ്രസിെൻറ 44 എം.എൽ.എമാരെ കർണാടകയിലെ റിസോർട്ടിലേക്ക് മാറ്റിയത്. ചൊവ്വാഴ്ചയാണ് നിർണായകമായ തെരഞ്ഞെടുപ്പ്. ഗുജറാത്തിൽ ഒഴിവുവരുന്ന മൂന്നു സീറ്റുകളിൽ രണ്ടെണ്ണത്തിൽ ബി.ജെ.പി വിജയം ഉറപ്പാക്കിയിട്ടുണ്ട്. ഒന്നിൽ കോൺഗ്രസിനും അനായാസം ജയിക്കാമായിരുന്നു. ഇതിനിടെയാണ് ആറു കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേരുന്നത്. ബി.ജെ.പി എം.എൽ.എമാരെ ചാക്കിട്ടുപിടിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമായതോടെ ഹൈകമാൻഡ് നേതൃത്വം ഇടപെട്ട് കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലേക്ക് ജൂലൈ 29നാണ് ഇവരെ മാറ്റിയത്. ബംഗളൂരു ബിഡദിയിലുള്ള ഈഗിൾടൺ ഗോൾഫ് റിസോർട്ടിലാണ് എം.എൽ.എമാരെ പാർപ്പിച്ചത്.
ന്യൂഡൽഹിയിലെത്തി എം.എൽ.എമാർ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകൾ മുതിർന്ന നേതാവും വക്താവുമായ ശക്തിസിങ് ഗോഹിൽ തള്ളി. ബംഗളൂരു വിമാനത്താവളം വഴി നേരിട്ട് ഗുജറാത്തിലേക്കാണ് പോകുന്നത്. എന്നാൽ, പുറപ്പെടുന്ന സമയവും മറ്റു കാര്യങ്ങളും വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. ബി.ജെ.പിയാണ് എം.എൽ.എമാർ ഡൽഹിയിലേക്ക് പോകുമെന്ന കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ പട്ടേലിനെ തോൽപിക്കാൻ കോൺഗ്രസ് എം.എൽ.എമാർ നിരാസവോട്ട് (നോട്ട) ഉപയോഗിക്കുമെന്ന നുണക്കഥകൾക്ക് പിന്നിലും ബി.ജെ.പിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭ തെരഞ്ഞെടുപ്പിൽ നോട്ട ഏർപ്പെടുത്തരുതെന്ന കോൺഗ്രസിെൻറ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.
ഇതിനിടെയാണ് കോൺഗ്രസിെൻറ രക്ഷാനീക്കത്തിനു പിന്നിലെ അണിയറക്കാരനായ കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിെൻറ വസതികളിലും ഓഫിസുകളിലും ആദായനികുതി വകുപ്പിെൻറ ദിവസങ്ങൾ നീണ്ട റെയ്ഡ് അരങ്ങേറിയതും. രാഷ്ട്രീയ ഗൂഢാലോചനയും പകപോക്കലുമാണ് റെയ്ഡിനു പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം. പ്രതിദിനം അഞ്ചുലക്ഷം രൂപയാണ് റിസോർട്ടിൽ എം.എൽ.എമാരുടെ താമസത്തിനുവേണ്ടി ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.