ഗ്യാൻവാപി: ഗ്യാൻവാപി മസ്ജിദ് കേസിൽ മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ വ്യാഴാഴ്ച ജില്ല കോടതി വാദം കേൾക്കും. ഗ്യാൻവാപി പള്ളിയുടെ പിൻഭാഗത്തെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു ഹിന്ദു സ്ത്രീകൾ നൽകിയ ഹരജി ആരാധനാലയങ്ങളുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന '91ലെ നിയമത്തിന് വിരുദ്ധമായതിനാൽ തള്ളണമെന്നതാണ് മസ്ജിദ് കമ്മിറ്റിയുടെ ഹരജി. ഈ ഹരജി മുൻഗണനയോടെ പരിഗണിക്കണമെന്ന് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയ ഉത്തരവിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ചൊവ്വാഴ്ച ജില്ല കോടതി ജഡ്ജി ഡോ. അജയ് കുമാർ വിശ്വേഷ ഹരജി പരിഗണിച്ചത്.
ഇതോടൊപ്പം കോടതി നിയോഗിച്ച കമീഷന്റെ വിഡിയോഗ്രഫി റിപ്പോർട്ടിൽ എതിർപ്പുണ്ടെങ്കിൽ ഏഴു ദിവസത്തിനകം സമർപ്പിക്കാൻ ഇരുകക്ഷികളോടും കോടതി ആവശ്യപ്പെട്ടു.
നേരത്തേ, സീനിയർ ഡിവിഷൻ സിവിൽ കോടതിയിൽ നടന്നുവന്ന കേസ് ജില്ല കോടതിയിലേക്ക് മാറ്റാൻ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു.
അതിനിടെ, വിഡിയോഗ്രഫിയിൽ കണ്ടെത്തിയെന്ന് പറയപ്പെടുന്ന ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവാദം നൽകണമെന്നും മുസ്ലിംകൾ അവിടേക്ക് പ്രവേശിക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ട് വിശ്വവേദിക് സനാതൻ സംഘ്, സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി രവികുമാർ ദിവാകറിന് മുമ്പാകെ ഹരജി സമർപ്പിച്ചു. ഈ ഹരജി ബുധനാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.