താനെ: പാർട്ടി ഓഫീസിന് മുമ്പിൽ അനുമതിയില്ലാതെ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വെച്ച മഹാരാഷ്ട്ര നവനിർമാൺ സേന പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ ടൗണിലാണ് സംഭവം. മുസ്‍ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിർത്തിയില്ലെങ്കിൽ പള്ളികൾക്ക് പുറത്ത് ഉയർന്ന ശബ്ദത്തിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു പ്രവർത്തകന്റെ നടപടി.
'ഇന്നലെ രാജ് താക്കറെ സാഹബ് റോഡിൽ ഹനുമാൻ ചാലിസ വെക്കാൻ ഉത്തരവിട്ടു. ഞാൻ അനുസരിച്ചു. അങ്ങനെ ചെയ്യരുതെന്നും ഇത് ശത്രുതയ്ക്ക് കാരണമാകുമെന്നും പൊലീസ് പറഞ്ഞു. പക്ഷേ ഇത്രയും വർഷമായി പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിച്ചിട്ട് എന്തെങ്കിലും ശത്രുതയുണ്ടോ?'- പിടിയിലായ മഹേന്ദ്ര ഭനുഷാലി ചോദിച്ചു. ശനിയാഴ്ചയാണ് ശിവാജി പാർക്കിൽ നടന്ന പരിപാടിയിൽ മുസ്‍ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് രാജ് താക്കറെ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടത്.
'ഞാൻ മാത്രമല്ല ആരും അനുവാദം വാങ്ങുന്നില്ല. എനിക്കെതിരെ എടുത്താൽ എല്ലാവർക്കുമെതിരെയും നടപടിയെടുക്കണം. പൊലീസ് അവരുടെ ജോലി ചെയ്തു. പൊലീസിനോട് ഒന്നും പറയരുതെന്നാണ് രാജ് താക്കറെ സാഹബ് പറഞ്ഞത്. എവിടെ ഉച്ചഭാഷിണി ഉപയോഗിച്ചാലും നടപടിയെടുക്കണം'-ഭനുഷാലി പറഞ്ഞു.
'പൊലീസ് 5,050 രൂപ പിഴ ചുമത്തി. ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന് കാണിച്ച് നോട്ടീസ് നൽകി. ഹിന്ദു പ്രാർഥന കാരണം ശത്രുത ഉണ്ടാകുമോ? ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ചെവിയടച്ച് വീടിനുള്ളിൽ ഇരിക്കണം. ഇത്തരം കാര്യങ്ങളെ എതിർത്താൽ അവർക്ക് മറുപടി നൽകും. സംഭവങ്ങൾ വിശദീകരിക്കാൻ നാളെ രാജ് സാഹബിനെ കാണുന്നുണ്ട്'-ഘട്കോപാർ പൊലീസ് സ്റ്റേഷന് പുറത്തുവെച്ച് ഭൻഷാലി പറഞ്ഞു.
മുംബൈയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങൾ റെയ്ഡ് ചെയ്യണമെന്നും അവിടെയുള്ളവർ പാകിസ്താൻ അനുകൂലികളാണെന്നും രാജ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എം.എൻ.എസ് അധ്യക്ഷന്റെ പ്രസംഗം ബി.ജെ.പി തിരക്കഥയാണെന്നായിരുന്നു ഭരണകക്ഷിയായ ശിവസേനയുടെ വക്താവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് സമയത്ത് താൻ എതിർത്ത ശക്തികളുമായി യോജിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വോട്ടർമാരെ വഞ്ചിച്ചുവെന്നും രാജ് താക്കറെ വിമർശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ചപ്പോൾ ഉദ്ധവ് ഒരക്ഷരം മിണ്ടിയില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് മുഖ്യമന്ത്രിയാകാൻ അദ്ദേഹത്തിന് ആശയുണ്ടായതും പ്രതിപക്ഷത്തിന്റെ കൂടെകൂടിയതെന്നും കുറ്റപ്പെടുത്തി.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഖാഡി സർക്കാരിന്റെ ഭാഗമായ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയെയും (എൻ.സി.പി) രാജ് താക്കറെ കടന്നാക്രമിച്ചു. എൻ.സി.പി രൂപീകരിച്ചതു മുതൽ സംസ്ഥാനത്ത് ജാതി വിദ്വേഷം പടർത്തുകയാണെന്നയിരുന്നു ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.