ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ റോഡിലൂടെ നഗ്നരായി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. മെയ് നാലിന് നടന്ന സംഭവത്തിന്‍റെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
ആയുധ ധാരികളായ ആൾക്കൂട്ടം രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്നതും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ അതിക്രമം കാണിക്കുന്നതുമാണ് വിഡിയോ. സമൂഹമാധ്യമങ്ങളിലടക്കം വിഡിയോ പ്രചരിച്ചതോടെ സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാൽ, അത് വളരെ നിസ്സാരമായി പോകുമെന്ന് ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.
‘രോഷം കൊണ്ട് മരവിച്ചിരിക്കുകയാണ്. മണിപ്പൂരിലെ സംഭവത്തിൽ ഞാൻ ലജ്ജിക്കുന്നു. ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വധശിക്ഷ നൽകുകയും ചെയ്തില്ലെങ്കിൽ, നമ്മൾ സ്വയം മനുഷ്യരെന്ന് വിളിക്കുന്നതിൽ അർഥമില്ല. ഈ ദാരുണ സംഭവം എന്നെ ഏറെ വേദനിപ്പിക്കുന്നു. സർക്കാർ നടപടി സ്വീകരിക്കണം’ -താരം ട്വിറ്ററിൽ വ്യക്തമാക്കി.
മണിപ്പൂരിലെ സംഭവത്തിൽ ഹർഭജനെ പോലെ നിരവധി കായിക താരങ്ങളും സിനിമ മേഖലകളിലുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് മേയ് മൂന്നിന് പൊട്ടിപുറപ്പെട്ട വംശീയ കലാപത്തിൽ ഇതുവരെ 150ഓളം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും നിരവധി പേർ ആക്രമം ഭയന്ന് പാലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.