ഹരിയാന: ഒമ്പത് സീറ്റ് ചോദിച്ച് ആപ്, ഏഴ് നൽകാമെന്ന് കോൺഗ്രസ്; സഖ്യ ചർച്ച മുറുകി

ന്യൂഡൽഹി: ഹരിയാനയിൽ ആം ആദ്മി പാർട്ടിയുമായുള്ള (ആപ്) കോൺഗ്രസിന്റെ സഖ്യചർച്ച മുറുകി. നിയമസഭയിൽ ആകെയുള്ള 90 സീറ്റുകളിൽ ആദ്യം 20 എണ്ണമാണ് ‘ആപ്’ ചോദിച്ചത്. ഒടുവിൽ ഒമ്പത് സീറ്റുകളെങ്കിലും വേണമെന്നാണ് ആവശ്യപ്പെട്ടത്. മൂന്നോ നാലോ സീറ്റുകൾ നൽകാമെന്ന് പറഞ്ഞിരുന്ന കോൺഗ്രസ്, ഒടുവിൽ പരമാവധി ഏഴ് സീറ്റുകൾ അനുവദിക്കാമെന്ന നിലപാടിലേക്ക് മാറി.

സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് താൽപര്യമില്ലെങ്കിലും പ്രതിപക്ഷം ഒരുമിച്ചു നിന്നാൽ ബി.ജെ.പിയെ അനായാസം തോൽപിക്കാമെന്ന് കണക്കുകൂട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ആപുമായുള്ള സഖ്യത്തിന് മുന്നിട്ടിറങ്ങിയത്. ഇൻഡ്യ സഖ്യം ബി.ജെ.പിയെ പരാജയപ്പെടുത്തിയാൽ അതിന്റെ പ്രതിഫലനം ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന് വിലയിരുത്തിയായിരുന്നു രാഹുലിന്റെ നീക്കം.

ബി.ജെ.പിയുടെ തോൽവിയാണ് മുഖ്യലക്ഷ്യമെന്ന് പ്രഖ്യാപിച്ച് രാഹുലിന്റെ സഖ്യനീക്കത്തെ സ്വാഗതം ചെയ്ത് ആപ് നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് രംഗത്തുവന്നിരുന്നു. ഇതോടെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് - ആപ് സഖ്യം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള ചർച്ച തുടങ്ങിയത്. അടുത്തവർഷം നടക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് -ആപ് സഖ്യമുണ്ടാകുമോ എന്ന് ഡൽഹിയിലെ ഇരുപാർട്ടികളിലെയും പ്രവർത്തകർ ഉറ്റുനോക്കുന്നുണ്ട്.

ഫോഗട്ടും പുനിയയും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും

ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ച് കോൺഗ്രസിൽ ചേർന്നു. അടുത്തമാസം നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുവരും മത്സരിക്കും. ഫോഗട്ട് ജുലാനയിലും പുനിയ ബാദ്‍ലി സീറ്റിലുമാണ് ജനവിധി തേടുക.

ഹരിയാനയിൽ ആം ആദ്മി പാർട്ടിയുമായി കോൺഗ്രസ് സഖ്യചർച്ച നടത്തുന്നതിനിടയിലാണ് ഇരുവരുടെയും കോൺഗ്രസ് പ്രവേശനം. രാഹുൽ ഗാന്ധിയുമായി ബുധനാഴ്ച രാവിലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഈയിടെ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച ജൻനായക് ജനതാ പാർട്ടി (ജെ.ജെ.പി) നേതാവ് അമർജിത് ധണ്ഡയുടെ മണ്ഡലമാണ് വിനേഷ് ഫോഗട്ട് മത്സരിക്കുന്ന ജുലാന.

2014 മുതൽ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിൽ വിനേഷ് ഫോഗട്ടിന്റെയും ബജ്റംഗ് പുനിയയുടെയും വരവ് ഭരണം പിടിക്കാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് കരുത്തുപകരുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. ഹരിയാനയിൽ ഏറെ സ്വാധീനമുള്ള കായിക ഇനമാണ് ഗുസ്തി. ഗുസ്തി താരങ്ങൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുമുണ്ട്.

ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന ആരോപണം നേരിട്ട ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബി.ജെ.പി നേതാവുമായ ബ്രിജ് ഭൂഷണിനെതിരായ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നവരാണ് വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും. യു.പിയിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിൽ സ്വാധീനമുള്ള ബ്രിജ്ഭൂഷൺ മത്സരരംഗത്തുനിന്ന് പിന്മാറി തന്റെ സിറ്റിങ് സീറ്റിൽ മകനെ മത്സരിപ്പിക്കാൻ നിർബന്ധിതനായി. ഒളിമ്പിക്സിൽ ഫൈനലിലെത്തിയിട്ടും 100 ഗ്രാം ഭാരക്കൂടുതലിന്റെ പേരിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത് വൻവിവാദമായി.

സമരത്തിനുള്ള പ്രതികാരമായാണ് പ്രതിപക്ഷം ഈ നീക്കത്തെ കണ്ടത്. തിരികെ അവർ ഇന്ത്യയിൽ എത്തിയപ്പോൾ കോൺഗ്രസ് നേതാവ് ദീപേന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്. അതിനുശേഷം കോൺഗ്രസ് നേതാക്കളുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തി.

ഇരുവരുടെയും കർഷക സമരത്തിലെ പങ്കാളിത്തവും ഹരിയാനയിൽ ബി.ജെ.പി സർക്കാർ കർഷക രോഷമേറ്റുവാങ്ങുന്നതും കോൺഗ്രസിന് നേട്ടമാകുമെന്നാണ് വിലയിരുത്തൽ. ഹരിയാനയിലെ ശംഭു അതിർത്തിയിൽ 200ാം ദിവസത്തിലേക്ക് കടന്ന കർഷക സമരത്തിലും വിനേഷ് ഫോഗട്ട് പങ്കെടുത്തിരുന്നു.

Tags:    
News Summary - Haryana Assembly polls: AAP demands 9 seats, Congress offers seven amid alliance talks, say sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.