ഹരിയാന സർക്കാർ കർഷകരെ തീവ്രവാദികളെപ്പോലെ കാണുന്നു -ഭൂപീന്ദർ സിങ്​ ഹൂഡ

ഡൽഹി: ഹരിയാന സർക്കാർ കർഷകരെ തീവ്രവാദികളെപ്പോലെയാണ് കാണുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ്​ ഹൂഡ. കെജ്‌രിവാൾ സർക്കാർ കർഷകരെ പ്രതിഷേധിക്കുന്നതിൽ നിന്ന് തടയുന്നില്ല. പഞ്ചാബ് സർക്കാരും കർഷകരെ പിന്തുണയ്ക്കുന്നുണ്ട്, എന്നാൽ ഹരിയാന സർക്കാർ കർഷകരോട് തീവ്രവാദികളെപ്പോലെയാണ് പെരുമാറുന്നതെന്ന് ഹൂഡ പത്രസമ്മേളനത്തിൽ പറഞ്ഞു.

'ദില്ലി ചലോ'മാർച്ചിൽ പങ്കെടുക്കുന്നത് ഹരിയാനയിൽ നിന്നുള്ള കർഷകരല്ലെന്ന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്‍റെ പ്രസ്​താവനെയും അദ്ദേഹം വിമർശിച്ചു. 'ഹരിയാനയിലെ കർഷകർ പ്രതിഷേധത്തിൽ പങ്കെടുത്തില്ലെങ്കിൽ പിന്നെന്തിന് സംസ്ഥാനത്തെ കർഷകർക്കെതിരെ കേസെടുക്കണം. നിങ്ങളുടെ പൊലീസല്ലേ അവർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചത്. കർഷകരല്ലെങ്കിൽ പിന്നെ അവർ ആരാണ്. ഇത് കർഷകരെ അപമാനിക്കുന്നതാണ്'-ഹൂഡ പറഞ്ഞു.

'ഞങ്ങൾ കർഷകർക്കൊപ്പമാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ പുതിയ കാർഷിക നിയമങ്ങൾക്ക് എതിരാണ്. അവരുടെ ആശങ്കകൾ ഉന്നയിക്കുന്നത് മൗലികാവകാശമാണ്. അവരെ ഹരിയാന സർക്കാർ തടഞ്ഞില്ലെങ്കിൽ പ്രശ്​നം ഇപ്പോൾ പരിഹരിക്കപ്പെടുമായിരുന്നു'-അദ്ദേഹം പറഞ്ഞു.

സമരം അവസാനിപ്പിക്കാൻ ആഭ്യന്തര മന്ത്രി അമിത്ഷാ നേരിട്ട് ഇടപെ ട്ടെങ്കിലും, ഷാ മുന്നോട്ടുവച്ച ഉപാധികൾ പ്രതിഷേധക്കാർ തള്ളിയിരുന്നു. കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. ബുറാഡിയിലെ സമരവേദിയിലേക്കു മാറാനായിരുന്നു സർക്കാറിന്‍റെ നിർദേശം. എന്നാൽ, വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ലെന്നും ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിക്കുകയായിരുന്നു.

നിലവിൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ് ആയിരക്കണക്കിന് വരുന്ന കർഷകർ. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നതോടെ ഡൽഹി ഹരിയാന അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷാസേനയെ അതിർത്തിയിലെ സിൻഖുവിൽ വിന്യസിച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.