ചെന്നൈ: പാരിസ്ഥിതികാനുമതി ലഭിക്കാതെ കെട്ടിട നിർമാണം നടത്തിയതിന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷ ഫൗണ്ടേഷന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ടി. രാജ, ജസ്റ്റിസ് ഡി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈഷ ഫൗണ്ടേഷൻ സമർപിച്ച ഹരജിയിൻമേൽ ഉത്തരവിട്ടത്.
കേന്ദ്രസർക്കാരിന്‍റെ 2006ലെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപനമനുസരിച്ച് 2021 നവംബർ 19നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. എന്നാൽ, ആരോഗ്യം, ചിന്ത, ശരീരം, യോഗ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ വിദ്യാഭ്യാസ സ്ഥാപനമായി കണക്കാക്കണമെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ഇളവ് ലഭ്യമാക്കണമെന്നുമാണ് ഫൗണ്ടേഷൻ ഹരജിയിൽ ആവശ്യപ്പെട്ടത്.
നാല് ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള സ്ഥലത്ത് കുറഞ്ഞ അളവിലുള്ള ഭൂമി മാത്രമാണ് യോഗ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതെന്ന് ഹരജിയെ എതിർത്ത തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ ബോധിപ്പിച്ചു. എന്നാൽ, ഈഷ ഫൗണ്ടേഷൻ ഒരു വിദ്യാഭ്യാസ സ്ഥാപനമായതിനാൽ പാരിസ്ഥിതികാനുമതിയുടെ ആവശ്യമില്ലെന്ന് അസിസ്റ്റന്‍റ് സോളിസിറ്റർ ജനറൽ ആർ. ശങ്കരനാരായണൻ വാദിച്ചു.
1.25 ലക്ഷം ചതുരശ്ര അടിയിലാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അതിനാൽ സ്ഥാപനത്തെ വിദ്യാഭ്യാസ സ്ഥാപനമായി കണക്കാക്കണമെന്നും പാരിസ്ഥിതിക അനുമതിയിൽ നിന്ന് ഇളവ് ലഭിക്കാൻ ഹരജിക്കാരന് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നോട്ടീസ് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.