ലഖ്നോ: അവസാനമായി ഒരു നോക്ക് കാണാനാണ് മകൻ വിളിക്കുന്നതെന്ന് സത്നം സിങ് അപ്പോൾ കരുതിയിരുന്നേയില്ല. എങ്കിലും ഒാടിപിടിച്ച് ആശുപത്രിയിലെത്തിയതാണ് ആ കർഷകൻ. പക്ഷേ, അപ്പോഴേക്കും 19 കാരനായ പൊന്നുമോൻ ഈ ലോകത്തുനിന്നും യാത്രയായിരുന്നു. ലഖിംപുർ ഖേരിയിൽ മന്ത്രിപുത്രനും സംഘവും വണ്ടികയറ്റി കൊന്നവരിൽ ഉൾപ്പെട്ടതാണ് ലവ്പ്രീത് സിങ് എന്ന 19 കാരൻ.
ആശുപത്രിയിൽ നിന്ന് ലവ്പ്രീത് സിങ് വിളിച്ച് പിതാവിനെ കാണണമെന്ന് പറഞ്ഞപ്പോൾ പരിക്ക് ഗുരുതരമാണെന്നുപോലും കരുതിയിരുന്നില്ല സത്നം സിങ്. പക്ഷേ, പൊന്നുമോനെ ജീവനോടെ അവസാനമായി ഒരു നോക്ക് കാണാൻ പോലും സത്നം സിങ്ങിനായില്ല. ആശുപത്രിയിലെത്തിയപ്പോഴേക്കും മകന്‍റെ കണ്ണുകൾ അടഞ്ഞിരുന്നുവെന്ന് പറയുേമ്പാൾ സത്നംസിങ്ങിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.
ആ യുവാവിെൻറ സംസ്കാര സ്ഥലത്തേക്ക് നടന്ന മാതാവ് ദുഃഖഭാരത്താൽ പലവട്ടം തലകറങ്ങി വീണു. ഒരു വട്ടം കൂടി മകെൻറ മൃതദേഹം കെട്ടിപ്പിടിക്കാൻ മുന്നോട്ടാഞ്ഞ പിതാവ് ചിതക്കരികിൽ വേച്ചു വീണു. ലവ്പ്രീത് സിങ്ങിെൻറ സംസ്കാര ചടങ്ങ് കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു.
മകൻ കാറിനടിയിൽ ചതഞ്ഞു മരിക്കുകയായിരുെന്നന്ന് ലവ്പ്രീതിെൻറ പിതാവ് സത്നം സിങ് പറഞ്ഞു. കുറ്റക്കാർക്കെതിരെ ഒരു നടപടിയും എടുത്തില്ല. എല്ലാം മൂടിവെക്കാനാണ് അധികൃതരുടെ ശ്രമം. മരണത്തിെൻറ നിമിഷങ്ങളിൽ ലവ്പ്രീത് ആശുപത്രി കിടക്കയിൽനിന്ന് തന്നെ വിളിച്ചപ്പോൾ സത്നം വിശേഷങ്ങൾ തിരക്കിയിരുന്നു. പരിക്കിന്‍റെ ഗുരുതരാവസ്ഥ അറിയാതെയായിരുന്നു സത്നം വിശേഷങ്ങൾ തിരക്കിയത്. നിനക്ക് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ല, വേഗം വരണമെന്നായിരുന്നു മറുപടി. പൊന്നുമോനിൽ നിന്ന് ആ പിതാവ് അവസാനമായി കേട്ട ശബ്ദമായിരുന്നു അത്.
ലവ്പ്രീതിനെ കൊന്നവർക്കെതിരെ നടപടിയില്ലാതെ സംസ്കാരം നടത്തില്ലെന്ന വാശിയിലായിരുന്നു കുടുംബം. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മന്ത്രിപുത്രനായ ആശിഷ് മിശ്രക്കെതിരെ കേസെടുത്തതിെൻറ പകർപ്പും കിട്ടണമെന്നായിരുന്നു ആവശ്യം. ഉത്തരവാദികൾക്കെതിരെ ഒരു നടപടിയുമില്ലെന്ന് അവർ പരിതപിച്ചു. മണിക്കൂറുകൾ നീണ്ട അനുനയ സംഭാഷണങ്ങൾക്കൊടുവിലാണ് ലവ്പ്രീതിെൻറ മൃതദേഹം ചൊവ്വാഴ്ച മൂന്നോടെ സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.