ആന്ധ്രപ്രദേശിലെ ശേഷാദ്രി റാവു ഗുഡ്‌വല്ലേരു എൻജിനീയറിങ് കോളജിൽ പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളികാമറ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥിനികൾ

ആന്ധ്രപ്രദേശിൽ പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളികാമറ: വൻ പ്രതിഷേധം

വിജയവാഡ (ആന്ധ്രപ്രദേശ് ): ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡയിലെ ശേഷാദ്രി റാവു ഗുഡ്‌വല്ലേരു എൻജിനീയറിങ് കോളജിൽ പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളികാമറ കണ്ടെത്തി.

സംഭവത്തിൽ വിദ്യാർഥിനികളുടെ വൻ പ്രതിഷേധം ഉയർന്നതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ചയാണ് ഒളികാമറ കണ്ടെത്തിയത്. വൈകുന്നേരം ഏഴു മണിക്ക് ആരംഭിച്ച പ്രതിഷേധം വെള്ളിയാഴ്ച രാവിലെയാണ് അവസാനിച്ചത്. ഹോസ്റ്റലിൽ ഒത്തുകൂടിയ പെൺകുട്ടികൾ നീതിക്ക് വേണ്ടിയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാനും സുരക്ഷ ഉറപ്പാക്കാനും അധികാരികളോട് അഭ്യർത്ഥിച്ചു.

വിവരമറിഞ്ഞ് എത്തിയ പോലീസ് ബി.ടെക് അവസാന വർഷ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുക്കുകയും ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു. അതിനിടെ, ഒളികാമറയിൽ പകർത്തിയ ദൃശ്യങ്ങൾ വിൽക്കാൻ ശ്രമിച്ച വിദ്യാർഥിയെ ചില വിദ്യാർത്ഥികൾ ആക്രമിക്കാൻ ശ്രമിച്ചു.

കാമറ സ്ഥാപിക്കാൻ ഒരു വിദ്യാർത്ഥിനി സഹായിച്ചതായും ആരോപണമുണ്ട്. ഒളികാമറയിൽ പകർത്തിയ വീഡിയോ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രചരിപ്പിച്ചതായി പറയപ്പെടുന്നു.

അതിനിടെ, 300ലധികം വിഡിയോ ഫൂട്ടേജുകൾ ചോർന്നതായി സംശയിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് അധികൃതർ വിദ്യാർഥികൾക്ക് ഉറപ്പു നൽകി. അതിനിടെ, മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ജില്ലാ കലക്ടർ കൊല്ലു രവീന്ദ്രയോടും എസ്.പിയോടും കോളജ് സന്ദർശിച്ച് അടിയന്തര അന്വേഷണം നടത്താൻ നിർദേശിക്കുകയും ചെയ്തു.

Tags:    
News Summary - Hidden camera in girls hostel washroom in Andhra Pradesh: Massive protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.