ബംഗളൂരു: ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജിലെയും കുന്താപുര ഭണ്ഡാർക്കർ കോളജിലെയും വിദ്യാർഥിനികൾ കർണാടക ഹൈകോടതിയിൽ നൽകിയ ഒരുകൂട്ടം ഹരജികളിൽ വാദവും മറുവാദവും വെള്ളിയാഴ്ച പൂർത്തിയായി. വൈകാതെ കേസിൽ അന്തിമവിധി പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് ജൈബുന്നിസ എം. ഖാസി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങുന്ന വിശാലബെഞ്ച് അറിയിച്ചു.
ശിരോവസ്ത്രം ഇസ്ലാമിൽ അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കർണാടക സർക്കാറിന്റെ പ്രധാന വാദം. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കോടതി ചേർന്നതോടെ വാദങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും വൈകീട്ട് നാലിന് അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. ശിരോവസ്ത്രം ധരിക്കാൻ നിർദേശിക്കുന്ന ഖുർആൻ സൂക്തം കോടതിയിൽ ചൂണ്ടിക്കാട്ടിയ മുതിർന്ന അഭിഭാഷകൻ യൂസുഫ് മുച്ചല, ശബരിമല കേസിന്റെ വിധിയിൽ ജസ്റ്റിസ് നരിമാൻ പറയുന്നതുപോലെ സാമാന്യയുക്തിയുടെ വീക്ഷണം കോടതി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു.
ശിരോവസ്ത്രത്തിന്റെ പേരിൽ വിദ്യാർഥിനികളെ ആദ്യം പുറത്താക്കിയ ഉഡുപ്പി വനിത കോളജിലെ വികസന സമിതി, സ്ഥലം എം.എൽ.എ രഘുപതി ഭട്ടിന്റെ നിയന്ത്രണത്തിലാണെന്നും സമിതിയിലെ 12ൽ 11 പേരും അദ്ദേഹത്തിന്റെ നോമിനികളാണെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ. രവിവർമ കുമാർ ചൂണ്ടിക്കാട്ടി. രാജ്യത്ത് അസമാധാനവും അരാജകത്വവും ലക്ഷ്യംവെച്ചുള്ള ടൂൾ കിറ്റിന്റെ ഭാഗമാണ് ശിരോവസ്ത്ര വിവാദമെന്നും വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹരജി നൽകിയ മുംബൈ സ്വദേശിയായ അഡ്വ. ഗണശ്യാം ഉപാധ്യായക്കുവേണ്ടി അഡ്വ. സുഭാഷ് ഝാ ഹാജരായി.
ശിരോവസ്ത്ര സമരത്തിൽ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പങ്ക് സംബന്ധിച്ച് എൻ.ഐ.എയുടെയോ സി.ബി.ഐയുടെയോ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. താങ്കളുടെ ആരോപണത്തിന് എന്തെങ്കിലും തെളിവ് ഹാജരാക്കാനുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സമൂഹ മാധ്യമത്തിലെ ചർച്ചയാണിതെന്നും ബഷീർ എന്ന മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തലാണെന്നും സുഭാഷ് ഝാ മറുപടി പറഞ്ഞു. ഇതിന് എന്തെങ്കിലും വ്യക്തമായ തെളിവുണ്ടോ എന്ന് വീണ്ടും കോടതി ചോദിച്ചു. ശിവമൊഗ്ഗയിലെ ബജ്റംഗ് ദൾ പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ കാമ്പസ് ഫ്രണ്ട് ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേസിൽ അന്വേഷണം നടക്കുകയാണെന്നും കോടതി പ്രതിവചിച്ചു.
ചുരുങ്ങിയത് വെള്ളിയാഴ്ചകളിലും റമദാൻ മാസത്തിലും ശിരോവസ്ത്രം ധരിക്കാൻ അനുമതി നൽകി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന അഡ്വ. കുൽകർണിയുടെ ഹരജി കോടതി പരിഗണിച്ചില്ല. ശിരോവസ്ത്രം ധരിച്ച പെൺകുട്ടികളെ ഫോട്ടോക്കും വിഡിയോ ദൃശ്യങ്ങൾക്കുമായി മാധ്യമങ്ങൾ പിന്തുടരുന്നത് തടയണമെന്ന അഡ്വ. ബാലകൃഷ്ണയുടെ പൊതുതാൽപര്യ ഹരജിയും കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.