ബംഗളൂരു: കർണാടകയിൽ വിവിധ വിദ്യാലയങ്ങളിൽ ശിരോവസ്ത്രവിലക്കിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ സമാധാനത്തിന് ആഹ്വാനംചെയ്ത് വിവിധ മതനേതാക്കൾ.
ചിത്രദുർഗ മുരുക മഠത്തിലെ സ്വാമി ശിവമൂർത്തി ശരണരു, മുരുകരാജേന്ദ്ര മഠത്തിലെ ശിവമൂർത്തി സ്വാമി, ബംഗളൂരു കെ.ആർ മാർക്കറ്റ് ജാമിഅ മസ്ജിദ് ഇമാം മൗലാന മഖ്സൂദ് ഇംറാൻ, ബംഗളൂരു ആർച് ബിഷപ്പിന്‍റെ പ്രതിനിധി വിവിയൻ മോറിസ്, മാധാര ഗുരുപീഠയിലെ ബസവമൂർത്തി മാധാര ചെന്നയ്യ, ബോവി ഗുരുപീഠ പ്രതിനിധി ഇമ്മഡി സിദ്ധരാമേശ്വര സ്വാമി, അഖിലേന്ത്യ മില്ലി കൗൺസിൽ പ്രതിനിധി മൗലാന സുലൈമാൻ ഖാൻ, നാസിഹ് ഫൗണ്ടേഷൻ പ്രസിഡന്‍റ് മൗലാന ഷബീർ അഹമ്മദ് നദ്വി തുടങ്ങിയവരാണ് ബംഗളൂരുവിൽ ഒന്നിച്ചുചേർന്ന യോഗത്തിനുശേഷം പ്രസ്ക്ലബിൽ വാർത്തസമ്മേമ്മളനം നടത്തിയത്. ശിരോവസ്ത്ര വിഷയത്തിൽ ഹൈകോടതിയുടെ അന്തിമ വിധി വരുന്നതുവരെ എല്ലാവരും ശാന്തരായിരിക്കണമെന്ന് അവർ അഭ്യർഥിച്ചു.
കോളജ് വികസനസമിതികൾ യൂനിഫോം നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് ബാധകം. ഇക്കാര്യം ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. സാമുദായിക സൗഹാർദത്തെ തകർക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് ജനം മാറിനിൽക്കണമെന്നും വിദ്യാർഥികൾക്ക് വിദ്യാഭ്യാസമാണ് ഏറെ പ്രധാനമെന്നും ശിവമൂർത്തി ശരണരു പറഞ്ഞു. എല്ലാ ജനങ്ങളും ശാന്തിയിലും സമാധാനത്തിലും കഴിയുന്ന സാഹചര്യമാണ് എല്ലാകാലത്തും കർണാടകയിലുള്ളതെന്നും ഈ മഹത്ത്വം ഉയർത്തിപ്പിടിക്കാൻ എല്ലാവരും തയാറാകണമെന്നും ആവശ്യപ്പെട്ട മൗലാന മഖ്സൂദ് ഇംറാൻ, ശിരോവസ്ത്രം അനുവദിക്കണമോ വേണ്ടയോ എന്നത് കോടതിയുടെ പരിഗണനയിലാണെന്നും അതുവരെ ഏവരും ചർച്ചയിൽനിന്ന് വിട്ടുനിൽക്കണമെന്നും പറഞ്ഞു.
ശിരോവസ്ത്ര വിവാദം രാജ്യത്തിന്‍റെ പ്രതിച്ഛായയെയാണ് ബാധിക്കുന്നതെന്ന് വിവിയൻ മോറിസ് ചൂണ്ടിക്കാട്ടി. ഇത് ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയ സാഹചര്യത്തിൽ മറ്റു രാജ്യങ്ങൾ ഈ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ശിരോവസ്ത്രം ധരിക്കണമോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും ശിരോവസ്ത്രം ധരിക്കാതെ ക്ലാസിൽ കയറില്ല എന്ന് ശഠിക്കുന്നവർക്ക് ഓൺലൈൻ ക്ലാസ് ഏർപ്പാടാക്കണമെന്നും നാസിഹ് ഫൗണ്ടേഷൻ പ്രസിഡന്‍റ് മൗലാന ഷബീർ അഹമ്മദ് നദ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.