അലഹബാദ്: സപ്തപദി ചടങ്ങുകളും മറ്റ് ആചാരങ്ങളും ഇല്ലാതെ നടത്തുന്ന ഹിന്ദു വിവാഹത്തിന് നിയമ സാധുതയില്ലെന്ന് അലഹബാദ് ഹൈകോടതി. പിണങ്ങിക്കഴിയുന്ന ഭാര്യ സ്മൃതി സിങ് തന്നെ വിവാഹമോചനം ചെയ്യാതെ രണ്ടാം വിവാഹം കഴിച്ചുവെന്നാരോപിച്ച് ഭർത്താവ് സത്യം സിങ് നൽകിയ കേസ് റദ്ദാക്കിയാണ് ഹൈകോടതിയുടെ നിരീക്ഷണം.
രണ്ടാംവിവാഹം ആരോപിച്ച് സത്യം സിങ് നൽകിയ പരാതിയിൽ 2022 ഏപ്രിൽ 21ന് മിർസാപൂർ കോടതി സ്മൃതിക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ, താൻ രണ്ടാം വിവാഹമോ ബഹുഭർതൃത്വമോ ചെയ്തിട്ടില്ലെന്ന് കാണിച്ച് ഇതിനെതിരെ സ്മൃതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിച്ച ഹൈകോടതി കീഴ്കോടതിയുടെ ഉത്തരവും കേസിന്റെ തുടർനടപടികളും റദ്ദാക്കി.
ശരിയായ ചടങ്ങുകളോടെ ആചാരപ്രകാരം വിവാഹം നടത്തിയില്ലെങ്കിൽ നിയമത്തിന്റെ കണ്ണിൽ അത് സാധുവായ വിവാഹമല്ലെന്ന് കോടതി വ്യക്തമാക്കി. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7പ്രകാരം ഏതെങ്കിലും കക്ഷിയുടെ ആചാരാനുഷ്ഠാനങ്ങൾക്കും ചടങ്ങുകൾക്കും അനുസൃതമായി ഹിന്ദു വിവാഹം നടത്താമെന്നാണ് വ്യവസ്ഥ. എന്നാൽ, സ്മൃതി രണ്ടാം വിവാഹം ചെയ്തുവെന്ന ആരോപണത്തിന് തെളിവ് ഹാജരാക്കാൻ ഭർത്താവ് സത്യം സിങ് പരാചയപ്പെട്ടു.
സപ്തപദി (വധുവും വരനും സംയുക്തമായി അഗ്നിയെ സാക്ഷിയാക്കി വലംവെക്കൽ) അടക്കമുള്ള ചടങ്ങുകൾ നടത്തിയെന്നതിന് തെളിവില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗ് നിരീക്ഷിച്ചു. അതിനാൽ, രണ്ടാം വിവാഹം എന്നത് സ്ഥിരീകരിക്കാത്ത വ്യാജ ആരോപണമാണെന്നും ഹരജിക്കാരി പ്രഥമദൃഷ്ട്യാ തന്നെ കുറ്റക്കാരിയല്ലെന്നും കോടതിയുടെ വിധിച്ചു.
2017ലായിരുന്നു സത്യം സിങ്ങുമായി സ്മൃതി സിങ്ങിന്റെ വിവാഹം. എന്നാൽ, ഗാർഹിക പീഡനത്തെ തുടർന്ന് സ്മൃതി ഭർതൃവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് പോയി. സ്ത്രീധന പീഡനം ആരോപിച്ച് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പൊലീസിൽ പരാതി നൽകുകയും കേസിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് സ്മൃതിക്കെതിരെ രണ്ടാം വിവാഹ ആരോപണം ഉന്നയിച്ചതെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.