ഇന്ത്യയുടെ ചന്ദ്രയാൻ -മൂന്ന് ചന്ദ്രനിലിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ദൗത്യത്തെ അഭിനന്ദിച്ച് മുൻ പാകിസ്താൻ മന്ത്രി.
ചന്ദ്രയാൻ -മൂന്ന് ഇറങ്ങുന്നത് പാക് മാധ്യമങ്ങൾ തത്സമയം കാണിക്കണമെന്ന് ഇംറാൻ ഖാൻ മന്ത്രിസഭയിലെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന ഫവാദ് ചൗധരി പറഞ്ഞു. മനുഷ്യരാശിയുടെ ചരിത്ര നിമിഷം എന്ന് ദൗത്യത്തെ വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യൻ ശാസ്ത്രഞ്ജരെയും ഇന്ത്യൻ ബഹിരാകാശ സമൂഹത്തെയും അഭിനന്ദിച്ചു. എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയാണ് ഫവാദ് ഇക്കാര്യം പറഞ്ഞത്.
‘പാക് മാധ്യമങ്ങൾ ചന്ദ്രയാൻ -മൂന്ന് ചന്ദ്രനിലിറങ്ങുന്നത് തത്സമയം കാണിക്കണം... മനുഷ്യരാശിയുടെ ചരിത്ര നിമിഷം, ഇന്ത്യയിലെ ജനങ്ങൾക്കും ശാസ്ത്രജ്ഞർക്കും ബഹിരാകാശ സമൂഹത്തിനും.... ഒത്തിരി അഭിനന്ദനങ്ങൾ’ -മുൻ പാക് മന്ത്രി ട്വീറ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് 6.04നാണ് ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മൃദു ഇറക്കം (സോഫ്റ്റ് ലാൻഡിങ്) നടത്തുന്നത്.
ദൗത്യം രാജ്യത്തിന്റെ ബഹിരാകാശ നേട്ടത്തിൽ നാഴികക്കല്ലാവും. ചന്ദ്രനിലെ ശാസ്ത്ര രഹസ്യം തേടിയുള്ള അഭിമാന ദൗത്യമായ ചന്ദ്രയാൻ- മൂന്നിന്റെ ഇതുവരെയുള്ള എല്ലാ പ്രവർത്തനങ്ങളും ശരിയായ രീതിയിലാണെന്ന് ഐ.എസ്.ആർ.ഒ സ്ഥിരീകരിച്ചിരുന്നു. നാലുവർഷത്തിനിടെ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമാണിത്. പരാജയപ്പെട്ട ചന്ദ്രയാൻ- രണ്ട് ദൗത്യത്തിന്റെ തുടർച്ചയായാണ് എല്ലാ പരാജയ സാധ്യതകൾക്കും പരിഹാര സംവിധാനങ്ങളുമായി ചന്ദ്രയാൻ- മൂന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്.
ചന്ദ്രനിൽനിന്ന് കുറഞ്ഞത് 25 കിലോമീറ്ററും കൂടിയത് 134 കിലോമീറ്ററും അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ -മൂന്ന് ദൗത്യത്തിന്റെ പ്രധാന ഭാഗമായ ലാൻഡർ മൊഡ്യൂൾ സഞ്ചരിക്കുന്നത്. വിക്രം എന്നുപേരുള്ള ലാൻഡറും പ്രഗ്യാൻ എന്നുപേരുള്ള റോവറുമടങ്ങുന്ന ലാൻഡർ മൊഡ്യൂൾ 19 മിനിറ്റ് നീളുന്ന പ്രക്രിയയിലൂടെയാണ് പതിയെ ചന്ദ്രനിലിറങ്ങുക. വൈകീട്ട് 5.45ന് ഇതിന് തുടക്കമാവും. ‘ഭീകര നിമിഷങ്ങൾ’ എന്ന് ശാസ്ത്രജ്ഞർ തന്നെ വിശേഷിപ്പിക്കുന്ന ഈ ഘട്ടത്തിൽ, ലാൻഡറിലെ ത്രസ്റ്റർ എൻജിനുകൾ കൃത്യസമയത്ത് കൃത്യ ഉയരത്തിൽ കൃത്യ ഇന്ധനത്തിൽ പ്രവർത്തിക്കുകയും ലാൻഡിങ് ഏരിയ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും വേണം. മൃദുവിറക്കം വിജയകരമായാൽ പര്യവേക്ഷണത്തിനായി ലാൻഡറിന്റെ വാതിലുകൾ തുറന്ന് ആറു ചക്രങ്ങളുള്ള റോബോട്ടിക് വാഹനമായ റോവർ പുറത്തിറങ്ങും.
ചന്ദ്രയാൻ -3 ലക്ഷ്യത്തിലെത്തിയാൽ, സോവിയറ്റ് യൂനിയൻ, യു.എസ്, ചൈന എന്നിവക്കുശേഷം ചന്ദ്രനിൽ മൃദു ഇറക്കംനടത്തുന്ന നാലാമത്തെ രാജ്യമാവും ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.