ജമ്മുകശ്മീർ: ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിന് കാരണം കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ വകുപ്പായ ആർട്ടിക്കിൾ 370 റദ്ദാക്കിയതാണെന്ന് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല.
ആർട്ടിക്ക്ൾ 370 റദ്ദാക്കിയത് ചൈന ഒരിക്കലും അംഗീകരിക്കില്ലെന്നും റദ്ദാക്കിയ വകുപ്പ് ചൈനയുടെ പിന്തുണയോടെ പുനഃസ്ഥാപിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ റ്റുഡെക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫറൂഖ് അബ്ദുല്ല ഇങ്ങനെ അഭിപ്രായപ്പെട്ടത്.
''ഇപ്പോൾ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ എന്തെല്ലാം നടക്കുന്നോ, അതിനെല്ലാം കാരണം ആർട്ടിക്ക്ൾ 370 റദ്ദാക്കിയതാണ്. അത് അവർ അംഗീകരിച്ചിട്ടേയില്ല. എനിക്ക് വിശ്വാസമുണ്ട്, ജമ്മുകശ്മീരിൽ അവരുടെ പിന്തുണയോടെ ആർട്ടിക്ക്ൾ 370 പുനസ്ഥാപിക്കപ്പെടും.'' -ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
താൻ ചൈനീസ് പ്രസിഡൻറിനെ ക്ഷണിച്ചിട്ടില്ല, മോദിയാണ് അദ്ദേഹത്തെ ക്ഷണിക്കുകയും ചൈനയിൽ കൊണ്ടുപോയി ഒപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതെന്ന് ഫാറൂഖ് അബ്ദുല്ല അഭിപ്രായപ്പെട്ടു. 2019 ആഗസറ്റ് അഞ്ചിന് കേന്ദ്രസർക്കാർ ചെയ്തത് (ആർട്ടിക്ക്ൾ 370 റദ്ദാക്കിയത്) അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും കശ്മീരിലെ പ്രശ്നങ്ങളെക്കുറിച്ച് പാർലമെൻറിൽസംസാരിക്കാൻ പോലും തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിനാണ് ഭരണഘടനയിൽ ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്ക്ൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയത്. കൂടാതെ ജമ്മുകശ്മീരിനെ ജമ്മുകശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തു.
തുടർന്ന് നടന്ന പ്രതിഷേധ സമരങ്ങളെ തുടർന്ന് ജമ്മുകശ്മീരിലെ മുതിർന്ന രാഷട്രീയ നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കുകയും ഫാറൂഖ് അബ്ദുല്ലയേയും ഉമർ അബ്ദുല്ലയേയും പിന്നീട് വിട്ടയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.