ഗ്രാമത്തിലെ 'ദിവ്യശക്തിയുള്ള' കുതിര ചത്തു; ലോക്​ഡൗ​ൺ ലംഘിച്ച് പൊതുദർശനവും വിലാപയാത്രയും

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ വലയുന്ന രാജ്യത്ത്​ ഉറ്റവരുടെ ശവസംസ്​കാര ചടങ്ങിൽ പോലും പ​ങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, ഒരു കുതിരയെ മറവ്​ ചെയ്യുന്നതിന്​ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ തടിച്ചുകൂടിയത്​ ആയിരങ്ങൾ. കർണാടകയിലെ ബെളഗാവി ജില്ലയിലെ ഗോഖകിലാണ്​ ദിവ്യശക്തിയുണ്ടെന്ന് ഗ്രാമീണർ വിശ്വസിക്കുന്ന കുതിരയുടെ ശവസംസ്​കാര ചടങ്ങിൽ ലോക്​ഡൗ​ൺ ലംഘിച്ച് ആയിരങ്ങൾ പങ്കെടുത്തത്.

മസ്​തമരടി ഗ്രാമത്തിലെ കാട്​സിദ്ധേശ്വർ മഠത്തിലെ കുതിരയാണ് കഴിഞ്ഞ ദിവസം ചത്തത്. മഠത്തിലെ കുതിരക്ക് ദിവ്യശക്തിയുണ്ടെന്നാണ് ഗ്രാമവാസികളുടെ വിശ്വാസം. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി കുതിരയെ ഉപയോഗിച്ച് ദിവസങ്ങൾക്ക് മുമ്പ് ഗ്രാമത്തിൽ പ്രത്യേക പൂജയും നടത്തിയിരുന്നു. ഇതിനുശേഷം കുതിരയെ അഴിച്ചുവിടുകയായിരുന്നു. എന്നാൽ, ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന കുതിരയെ ചത്തനിലയിൽ വെള്ളിയാഴ്ച  കണ്ടെത്തി.

തുടർന്ന് ശനിയാഴ്ച ഏറെ നേരം മഠത്തിൽ പൊതുദർശനത്തിനുവെച്ചശേഷം വിലാപയാത്രയായാണ് കുതിരയുടെ ജഡം സംസ്​കരിക്കുന്നതിനായി കൊണ്ടുപോയത്. പൊതുദർശനത്തിലും വിലാപയാത്രയിലും ഗ്രാമത്തിലെ ആയിരങ്ങളാണ് പങ്കെടുത്തത്. കുതിരയുടെ ജഡവുമായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ വിലാപയാത്ര നടത്തുന്നതിെൻറ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.


സാമൂഹിക അകലം പാലിക്കാതെയും ശരിയായ രീതിയിൽ മാസ്ക് ധരിക്കാതെയും ലോക്​ഡൗൺ ലംഘിച്ച് നൂറുകണക്കിന് പേർ ചടങ്ങുകളിൽ പങ്കെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ പൊലീസും ആരോഗ്യപ്രവർത്തകരുമെത്തി ഗ്രാമം രണ്ടാഴ്ചത്തേക്ക് അടച്ചു. ഗ്രാമത്തിനുള്ളിലേക്കോ പുറത്തേക്കോ ആർക്കും പ്രവേശനമുണ്ടാകില്ല. നാനൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമം സീൽ വെച്ച അധികൃതർ വ്യാപകമായി കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ആവശ്യമായ നടപടികൾ കൈ​ക്കൊള്ളുന്നതിന്​ ജില്ലാ ഭരണകൂടത്തെ നിയോഗിച്ചിട്ടുണ്ടെന്നും രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി ബസവരാജ്​ ബൊമ്മ പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ ഗ്രാമത്തിലെ എല്ലാ വീടുകളിലുള്ളവരെയും കോവിഡ് പരിശോധന നടത്താൻ പ്രത്യേക ക്യാമ്പ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. പരിപാടി നടത്തിയവർക്കെതിരെ കേസെടുത്തതായും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബെളഗാവി എസ്.പി. ലക്ഷ്മൺ നിംബാർഗി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.