ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധേയനായ നടൻ രാഹുൽ വോറ കോവിഡ് ബാധിച്ച് മരിച്ചു. 35 വയസായിരുന്നു. ഡൽഹിയിലെ താഹിർപൂരിലുള്ള രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. നാടക സംവിധായകൻ അരവിന്ദ് ഗൗർ മരണവിവരം സ്ഥിരീകരിച്ചു.
തന്‍റെ മോശം ആരോഗ്യ സ്ഥിതിയെ കുറിച്ചും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും ശനിയാഴ്ച ഫേസ്ബുക്കിലൂടെ അഭ്യർഥിച്ച ശേഷമാണ് നടന്‍റെ ദാരുണാന്ത്യം. സുഹൃത്തുക്കളടക്കം നിരവധിയാളുകൾ നടന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കോവിഡ് ശ്വാസകോശത്തെ ബാധിച്ചതിനാൽ വിഫലമായി. ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് പ്രശസ്തനായത്.
'നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ എനിക്കും രക്ഷപ്പെടാമായിരുന്നു. തിരിച്ചു വരാനായാൽ കുറച്ചു കൂടി നല്ല രീതിയിൽ ജോലി ചെയ്യണം. എന്നാൽ എനിക്കിപ്പോൾ എല്ലാ ധൈര്യവും നഷ്ടപ്പെട്ടു.'- ഇങ്ങനെയായിരുന്നു കോവിഡ് ബാധിതനായിരുന്ന രാഹുലിന്‍റെ അവസാന സോഷ്യൽ മീഡിയ പോസ്റ്റ്.
തന്‍റെ വ്യക്തിഗത വിവരങ്ങളും ആശുപത്രിയിലെ വിവരങ്ങളും മറ്റും ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്.
രാഹുലിന് മെച്ചപ്പെട്ട ചികിത്സ നൽകാതിരുന്ന തങ്ങളെല്ലാവരും കുറ്റക്കാരാണെന്ന് അന്ത്യാജ്ഞലിയർപിച്ച് ഫേസ്ബുക്കിൽ അരവിന്ദ് ഗൗർ കുറിച്ചു. കഴിഞ്ഞ ആഴ്ച കോവിഡ് ബാധിതനായ തനിക്ക് ഓക്സിജൻ ബെഡ് ലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് രഹുൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.