ലഖ്നോ: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർ പ്രദേശ്. ആശുപത്രികളിൽ പോലും മരിക്കുന്ന കോവിഡ് ബാധിതരുടെ യഥാർഥ കണക്കുകൾ പുറത്തുവരുന്നില്ലെന്ന് ആക്ഷേപമുയർന്ന ഇവിടെ പക്ഷേ, ചില ഗ്രാമങ്ങൾ പിന്തുടരുന്ന ആചാരം യഥാർഥ കോവിഡ് മരണ നിരക്ക് പുറത്തുകൊണ്ടുവരുന്നതാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബുന്ദേൽഖണ്ഡ് മേഖലയിലെ ബാന്ദ പോലുള്ള ജില്ലകളിൽ മരിച്ചവരുടെ ഓർമക്കായി ബോധിവൃക്ഷത്തിൽ മൺചട്ടികൾ തൂക്കും. സംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് ഇവ തൂക്കുന്നത്. ആ ചട്ടിയിൽ അൽപം വെള്ളെമാഴിച്ച് താഴെ തിരി തെളിയ്ക്കും. 12 ദിവസം അത് തുടരും. അന്ത്യ ചടങ്ങുകൾ പൂർത്തിയാകുന്ന 13ാം ദിവസം ചട്ടി ഉടക്കും.
നേരത്തെ ഒന്നോ രണ്ടോ ചട്ടികളുണ്ടായിരുന്ന മരങ്ങളിലിപ്പോൾ നിറയെ ചട്ടികളാണെന്ന് ഗ്രാമവാസികൾ സാക്ഷി നിൽക്കുന്നു. ജീവിതത്തിൽ ആദ്യമായാണ് ഈ അനുഭവമെന്ന് അതാര ഗ്രാമത്തിലെ മുന്ന തിവാരിയെ ഉദ്ധരിച്ച് 'ദി പ്രിന്‍റ്' റിപ്പോർട്ട് പറയുന്നു.
സംസ്ഥാനത്ത് ഗ്രാമങ്ങളിലെ മൊത്തം മരണനിരക്ക് ഔദ്യോഗിക രേഖകളിൽ ഇപ്പോഴും 200നു താഴെയാണ്. പ്രതിദിനം ഒറ്റയക്കങ്ങളിലും. യഥാർഥ കണക്കുകൾ ഏറെ ഭീകരമാണെന്ന് ഗ്രാമവാസികളും. രാജ്യത്തെ ആദ്യ കോവിഡ് തരംഗം ഇത്രമേൽ രൂക്ഷമായിരുന്നില്ലെന്ന് അവർ പറയുന്നു. എന്നാൽ, രണ്ടാം തരംഗമെത്തിയേതാടെ എണ്ണം കുത്തനെ കൂടി. അത് ഇപ്പോഴും തുടരുന്നു.
ചെറുപ്പക്കാരെ കോവിഡ് കൊണ്ടുപോകുന്നതും ഈ ഗ്രാമങ്ങളെ ദുഃഖത്തിലാഴ്ത്തുന്നു. 30-50നിടയിലുള്ളവരാണ് കൂടുതലായി മരണത്തിന് കീഴടങ്ങുന്നത്. രോഗബാധ വന്ന് ദിവസങ്ങൾക്കുള്ളിൽ മരണവും സംഭവിക്കുന്നു.
സംസ്ഥാനത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് ഗ്രാമങ്ങളിലേക്കും ഈവിധം ൈവറസ് പടർത്തിയതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.