രാജ്യത്തെ എക്കാലത്തെയും വലിയ വാനമ്പാടിയുടെ ചേതനയറ്റ മൃതദേഹത്തിന് മുമ്പിൽ ഒരാൾ കൈകൂപ്പി നിന്ന് പ്രാർഥിച്ചു. ഒരാൾ കൈകൾ മുകളിലേക്ക് ഉയർത്തി 'ദുആ' ചെയ്തു. ആ ചിത്രങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും വൈറലായിരിക്കുന്നത്. മാറിയ ഇന്ത്യ വേണ്ട, നമുക്ക് ഈ ഇന്ത്യ മതി എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഓരോരുത്തരും പറയുന്നത്. അന്തരിച്ച വിഖ്യാത ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനാണ് സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി ദുആ (പ്രാര്‍ഥന) ചെയ്യുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇന്ത്യയുടെ വാനമ്പാടിക്ക് ആദാരഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നത് വൈറല്‍ ചിത്രത്തില്‍ കാണാം. പക്ഷേ, പ്രാർഥനാ നിർഭരമായ ആ ചിത്രത്തെത്തയും ഹിന്ദുത്വ തീവ്രവാദികൾ വെറുതെ വിട്ടില്ല. 'ദുആ' ചെയ്ത ശേഷം മാസ്ക് മാറ്റിയ ഷാരൂഖ് ഖാൻ മൃതദേഹത്തിൽ തുപ്പി എന്ന നിലക്കുള്ള അങ്ങേയറ്റം വിഷം വമിപ്പിക്കുന്ന പ്രചാരണങ്ങളാണ് അവർ നടത്തുന്നത്. ഒരു പടികൂടി കടന്ന് മുസ്‍ലിംകളെ ഇനി ഹിന്ദുക്കളുടെ സംസ്കാര വേളകളിൽ പങ്കെടുപ്പിക്കരുത് എന്നും ഹിന്ദുത്വ വിദ്വേഷ പ്രചാരകർ മുറവിളി കൂട്ടുന്നു. ട്വിറ്റർ, ഫേസ് ബുക്ക് വഴി അവർ വിദ്വേഷ പ്രചാരണം തുടരുകയാണ്. ഇത് സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ വന്ന ഒരു പോസ്റ്റ് ഇങ്ങനെ:
'എത്രമാത്രം മതാന്ധതയും അഴുക്കും തലച്ചോറിൽ പേറിയാലാകും ലതാജിയുടെ മൃതദേഹത്തിൽ ഷാരൂഖ് ഖാൻ തുപ്പിയെന്ന് ചിന്തിക്കാനാവുക! അതിലെത്ര മടങ്ങ് വിദ്വേഷവും വിവേകശൂന്യതയും ഉണ്ടെങ്കിലാകും അത് പറയാനും പ്രചരിപ്പിക്കാനും തോന്നുക.
അജയ് യാദവെന്ന ഹരിയാന ബി.ജെ.പി നേതാവ് തുടങ്ങിവച്ച വിഷപ്രചാരണം ഏറ്റെടുക്കാൻ മലയാളം സാമൂഹിക മാധ്യമങ്ങളിൽ വരെ എത്ര പേർ… എന്തൊരു ചീഞ്ഞളിഞ്ഞ കാലമാണ്.
പ്രിയപ്പെട്ടവർക്ക് സ്വന്തം വിശ്വാസപ്രകാരം അന്ത്യയാത്രാമൊഴി പറയാനും പ്രാർത്ഥിക്കാനുമുള്ള സ്വാതന്ത്ര്യത്തിലേക്കും വിഷപ്രയോഗം നടക്കുന്ന പുതിയ ഇന്ത്യ.
His name is Khan and he is not a terrorist എന്ന് പറഞ്ഞുകൊണ്ടേയിരിക്കേണ്ട ഗതികേട് ! ചെങ്കിസ്ഖാനെ വരെ ജിഹാദിയാക്കുമ്പോളാണ്..
ലതാ മങ്കേഷ്കറിന് ദുആ ചൊല്ലുന്ന ഷാരൂഖ് ഖാനാണ് ഇന്ത്യ, മൊല്ലാക്കയും ക്രിസ്മസ് പപ്പയും പൂജാരിയും കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ ഷൂട്ടല്ല.'
കൈ കൂപ്പി പൂജ ദദ്‌ലാനിയും കൈകളുയര്‍ത്തി ഷാരൂഖും നില്‍ക്കുന്ന ചിത്രത്തെ 'മതേതര ഇന്ത്യയുടെ ചിത്രം' എന്നാണ് ആരാധകരടക്കം വിശേഷിപ്പിച്ചത്. അതേ സമയം ഷാരൂഖ് ഖാന്റെ ചിത്രം ചൂണ്ടിക്കാട്ടി ചില വിദ്വേഷ പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിലുണ്ടായി. ദുആ ചെയ്തതിന് ശേഷം മൃതദേഹത്തിലേക്ക് ഊതിയിരുന്നു. ഇതിനെ ഷാരൂഖ് ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിലേക്ക് തുപ്പിയെന്ന പ്രചാരണം ചിലര്‍ തുടരുകയാണ്. മലയാളത്തിലും ഹിന്ദുത്വ തീവ്രവാദികൾ അത് ഏറ്റുപിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.