ചണ്ഡീഗഢ്: പൊതു പരിപാടികളിലും പാർട്ടി പരിപാടികളിലും കർഷകരുടെ കനത്ത പ്രതിഷേധം ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ ഹരിയാനയിലെ ഏഴ് ജില്ലകളിൽ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ ബി.ജെ.പി, ജെ.ജെ.പി മന്ത്രിമാർ വരില്ല. കേന്ദ്ര സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ കനത്ത പ്രതിഷേധം നിലനിൽക്കുന്ന ജില്ലകളിലാണ് മന്ത്രിമാർ വരാൻ മടിക്കുന്നത്. ഇവിടങ്ങളിൽ ഡെപ്യൂട്ടി കമീഷണർമാരാകും ദേശീയ പതാക ഉയർത്തുക.
കൈതൽ, റോഹ്തക്, സിർസ, കുരുക്ഷേത്ര, ജിന്ദ്, ഝജ്ജാർ, സോണിപത് ജില്ലകളിലാണ് ബി.ജെ.പി നേതാക്കൾക്കെതിരെയും മന്ത്രിമാർക്കെതിരെയും ശക്തമായ പ്രതിഷേധം ഉയരുന്നത്. സിംഘു, തിക്രി അതിർത്തികളിലെ സമരവേദിയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ പോയതും ഈ ജില്ലകളിൽ നിന്നാണ്.
കഴിഞ്ഞ ഏഴ് മാസമായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, മറ്റ് മന്ത്രിമാർ, ഭരണകക്ഷി നേതാക്കൾ തുടങ്ങിയവരെല്ലാം പങ്കെടുക്കുന്ന പരിപാടികളിലെല്ലാം കടുത്ത പ്രതിഷേധമാണ് നേരിടുന്നത്. പല ചടങ്ങുകളും ഒഴിവാക്കുന്നതും മാറ്റിവെക്കുന്നതുമായ സംഭവമുണ്ടായിട്ടുണ്ട്.
പ്രതിഷേധങ്ങളെ മറികടക്കുന്നതിനായി ബി.ജെ.പി 'തിരംഗ യാത്രാസ്' എന്ന പേരിൽ പദയാത്ര ആരംഭിച്ചിരുന്നു. യുവാക്കൾക്കിടയിൽ ദേശസ്നേഹം വളർത്താനാണ് യാത്രയെന്നാണ് ബി.ജെ.പി വിശദീകരിച്ചത്. അതേസമയം, യാത്രയെ എതിർക്കേണ്ടെന്ന നിലപാടാണ് കർഷകർ സ്വീകരിച്ചത്. ത്രിവർണ പതാകയെ ബഹുമാനിക്കുകയാണ് മുഖ്യമെന്നും, യാത്രയെ എതിർത്താൽ അതുവഴി കർഷക പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും അത് നടക്കാൻ പോകുന്നില്ലെന്നും കർഷകർ വ്യക്തമാക്കിയിരുന്നു.
ആഗസ്റ്റ് 15ന് വിവിധ ജില്ലകളിൽ കർഷകരും 'തിരംഗ യാത്ര' പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് മാസമായി ഡൽഹി അതിർത്തികളിൽ തുടരുന്ന പ്രക്ഷോഭത്തിൽ അണിചേരാനും കർഷകർ ആഹ്വാനം ചെയ്തിരിക്കുകയാണ്.
നിലവിൽ തീരുമാനിച്ചിരിക്കുന്ന പ്രകാരം, സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഫരീദാബാദിലും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല മഹേന്ദ്രഗഡിലും പതാക ഉയർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.