ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ ചില അംഗങ്ങളുടെ പ്രവര്‍ത്തനംമൂലം ലജ്ജിച്ച് തലകുനിക്കേണ്ടിവന്നുവെന്ന് സുപ്രീംകോടതി മുതിർന്ന അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപില്‍ സിബൽ. ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് സംബന്ധിച്ചും ജാമ്യം നിഷേധിച്ചതുമായി ബന്ധപ്പെട്ടുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തകാലത്തായി അഭിപ്രായസ്വാതന്ത്ര്യത്തെ വ്യാഖ്യാനിക്കുന്നതിനും ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിലും സുപ്രീംകോടതിക്കും നിര്ഭാഗ്യകരമായതരത്തില് വീഴ്ചപറ്റി. നിയമവാഴ്ച പ്രതിദിനം തകര്‍ന്നടിയുകയാണ്.50 വർഷമായി നിയമവ്യവസ്ഥയുടെ ഭാഗമാണ്. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ അങ്ങേയറ്റം ലജ്ജാകരമായ നിലയില്‍ തലതാഴ്ത്തിപ്പോകുകയാണ്.
നാലു വര്‍ഷം മുമ്പുള്ള ഒരു ട്വീറ്റിന്റെ പേരില്‍ വര്‍ഗീയകലാപ സാധ്യത ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത് ചിന്തിക്കാന്‍പോലും കഴിയാത്ത കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തില്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് നിലനില്‍ക്കില്ല. അതിനാല്‍, അന്വേഷണ ഏജന്‍സികള്‍ മറ്റു കാരണങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. കെട്ടിച്ചമച്ച കേസാണിതെന്നും വ്യാജ അന്വേഷണമാണ് നടക്കുന്നതെന്നും പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് കലാപക്കേസില്‍ സകിയ ജാഫരിയുടെ ഹരജി തള്ളുകയും നരേന്ദ്ര മോദി കുറ്റമുക്തനാക്കപ്പെടുകയും ചെയ്ത വിഷയത്തിലും സിബല്‍ വിമർശിച്ചു. അടുത്തകാലത്ത് പല ജഡ്ജിമാരും തങ്ങളുടെ മുന്നില്‍ വാദം നടക്കാത്ത കേസുകളില്‍ പോലും പലതരം കണ്ടെത്തലുകള്‍ നടത്തുന്നതായി കാണാം. മറ്റുചിലര്‍ ചാടിക്കയറി അനാവശ്യ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കുന്നതും കാണാമെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.