ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ നേതൃത്വത്തിലുള്ള ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്തുമാസമായി തുടരുന്ന കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമാണ് സെപ്റ്റംബർ 17ലെ ഭാരത് ബന്ദ്.
ഭാരത് ബന്ദിൽ അണിനിരക്കാൻ എല്ലാ പ്രവർത്തകരോടും നേതാക്കളോടും മുന്നണികളോടും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. 'കർഷകരുടെ അഹിംസാത്മക സത്യാഗ്രഹം ഇന്നും തുടരുന്നു. എന്നാൽ ചൂഷക സർക്കാർ ഇത് ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് ഇന്ന് ഞങ്ങൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്' -ഞാൻ കർഷകർെക്കാപ്പം നിൽക്കുന്നു എന്ന ഹാഷ്ടാഗ് പങ്കുവെച്ച് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
40ഓളം കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് ഭാരത് ബന്ദ്. രാവിലെ ആറുമുതൽ നാലുവരെയാണ് ഭാരത് ബന്ദ്. കേരളത്തിൽ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ രാവിെല ആറുമുതൽ വൈകിട്ട് ആറുവരെ ഹർത്താൽ ആചരിക്കും.
പത്തുവർഷം സമരം ചെയ്യേണ്ടിവന്നാലും കർഷക പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കിയിരുന്നു.
ഭാരത് ബന്ദിന്‍റെ ഭാഗമായി സർക്കാർ -സ്വകാര്യ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര -വ്യാവസായിക സ്ഥാപനങ്ങൾ തുടങ്ങിയവ അടഞ്ഞുകിടക്കും. എന്നാൽ അവശ്യ സർവിസുകൾ അനുവദിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.