ന്യൂഡൽഹി: ഡൽഹി -ഹരിയാന അതിർത്തിയായ സിംഘുവിൽ വെള്ളിയാഴ്ച കർഷകർക്ക് നേരെ അരങ്ങേറിയ അതിക്രമം ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടീഷ് എം.പി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അധികാരത്തിൽ ഇരിക്കുന്നവർ അടിച്ചമർത്തുകയാണെങ്കിൽ അത് അവരുടെ പ്രക്ഷോഭത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് ബ്രിട്ടീഷ് ലേബർ പാർട്ടി എം.പി തൻമൻജീത് സിങ് ദേസി പറഞ്ഞു.
സിംഘുവിൽ കർഷകരെ പൊലീസും ആൾക്കൂട്ടവും ചേർന്ന് ഭീഷണിപ്പെടുത്തുകയാണെന്നും വെള്ളം, വൈദ്യൂതി, ഇന്‍റർനെറ്റ് തുടങ്ങിയവ നിർത്തിവെച്ച് പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകരെ മർദിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'പൊലീസും ആൾക്കൂട്ടവും ചേർന്ന് കർഷകരെ അതിക്രമിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ജലം, വൈദ്യുതി, ഇന്‍റർനെറ്റ് തുടങ്ങിയവ നിർത്തിയശേഷം ഡൽഹി കാലിയാക്കണമെന്നാണ് നിർദേശം.
അക്രമം ക്ഷമിക്കാൻ കഴിയില്ല. അധികാരത്തിലിരിക്കുന്നവർ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ, അവർ കൂടുതൽ ശക്തിയാർജിക്കും. ലോകം നിങ്ങളെ ഉറ്റുനോക്കുന്നു' -തൻമൻജീത് ട്വീറ്റ് ചെയ്തു.
പഞ്ചാബ് വംശജനായ രാഷ്ട്രീയക്കാരനാണ് ദേസി. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 100 എം.പിമാരും ഭരണകർത്താക്കളും യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസന് കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. കൂടാതെ ഹൗസ് ഓഫ് കോമൺസിലെ ചോദ്യോത്തര വേളയിൽ കർഷക പ്രക്ഷോഭം വിഷയമായി ഉയർത്തിക്കൊണ്ടുവരികയും ചെയ്തിരുന്നു.
സിംഘു അതിർത്തിയിൽ വെള്ളിയാഴ്ച കർഷകർക്ക് നേരെ വ്യാപക അക്രമം അരങ്ങേറിയിരുന്നു. പൊലീസുകാരുടെയും നാട്ടുകാരാണെന്ന് പറഞ്ഞെത്തിയ ആർ.എസ്.എസ് ഗുണ്ടകളുടെയും നേതൃത്വത്തിലായിരുന്നു ആക്രമണം. കർഷകരുടെ ടെന്‍റ് പൊളിക്കുകയും കർഷകർക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.