ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിന് ഡൽഹി അതിർത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചതിൽ കേന്ദ്രത്തെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കർഷക പ്രക്ഷോഭം അടിച്ചമർത്താനായി നടത്തുന്ന ഈ തയാറെടുപ്പ് ചൈന അതിർത്തിയിൽ നടത്തുകയായിരുന്നെങ്കിൽ നമ്മുടെ പ്രദേശം കൈയേറുന്നതിൽനിന്ന് ചൈനയെ തടയാൻ കഴിയുമായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കൂടാതെ പൊലീസ് സന്നാഹത്തിനെ വിന്യസിച്ചതിനെ പരിഹസിച്ച് മറ്റൊരു ട്വീറ്റും പ്രശാന്ത് ഭൂഷൺ പങ്കുവെച്ചു. കഴിഞ്ഞ രാത്രിയിൽ കർഷക പ്രക്ഷോഭം നടക്കുന്ന സ്ഥലങ്ങളിൽ സർക്കാർ വൈദ്യുത ബന്ധം വിച്ഛേദിച്ചു. സൈനിക ഉപരോധം ഏർപ്പെടുത്തിയതുപോലെ കർഷക പ്രക്ഷോഭ സ്ഥലത്തേക്ക് എത്തുന്നതിനെ തടയാനായി പാതകൾ അടച്ചു. ഇൻറർനെറ്റും വിച്ഛേദിച്ചു. തുടർന്ന് കർഷകരെ ഒഴിപ്പിക്കുന്നതിനായി 1000ത്തിലധികം പൊലീസുകാരെയും അർധ സൈനികരെയും കല്ലെറിയുന്ന നൂറുകണക്കിന് ബി.ജെ.പി ഗുണ്ടകളെയും അവിടേക്ക് അയച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർഷക പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി വൻ െപാലീസ് സന്നാഹത്തെയാണ് ഡൽഹി അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. കൂടാതെ ലാത്തിക്ക് പകരം വാളും പരിചയും പോലെയുള്ള ആയുധങ്ങളുമായാണ് കർഷകരെ തടയാൻ പൊലീസ് എത്തിയിരിക്കുന്നത്.
കൂടാതെ പാതകളിൽ വൻ കോൺക്രീറ്റ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും കിടങ്ങുകൾ കുഴിക്കുകയും ചെയ്തു. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കർഷകരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.