റാഞ്ചി: പരമാവധി സംവരണം 50 ശതമാനമെന്ന പരിധി ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ എടുത്തുകളയുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഝാർഖണ്ഡിലെ റാഞ്ചിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി ജാതിസെൻസസ് നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു.
ദലിതർ, ഗോത്രവിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർ എന്നിവർ തൊഴിൽ അടിമത്തമാണ് നേരിടുന്നത്. വലിയ കമ്പനികളിലും ആശുപത്രികളിലും സ്കൂളുകളിലും കോളജുകളിലും കോടതികളിലും അവർക്ക് തൊഴിൽ പങ്കാളിത്തമില്ല. ഇതാണ് രാജ്യത്തിന് മുന്നിലെ വലിയ വെല്ലുവിളി. ഞങ്ങളുടെ ഏറ്റവുമാദ്യത്തെ ചുവടുവെപ്പ് ദേശീയതലത്തിൽ ജാതി സെൻസസ് നടത്തുക എന്നതാവും -രാഹുൽ പറഞ്ഞു.
സാമൂഹികവും സാമ്പത്തികവുമായ അനീതിയാണ് മറ്റൊരു വലിയ പ്രശ്നം. പിന്നാക്ക വിഭാഗങ്ങൾക്ക് അവരുടെ അവകാശങ്ങൾ ലഭിക്കുമെന്ന് ഉറപ്പ് ഞാൻ നിങ്ങൾക്ക് നൽകുകയാണ്. ആദിവാസികളുടെയും ദലിതരുടെയും സംവരണത്തിൽ ഒരു കുറവുമുണ്ടാകില്ല. നിലവിലെ വ്യവസ്ഥകൾ പ്രകാരം 50 ശതമാനത്തിൽ കൂടുതൽ സംവരണം നൽകാനാനില്ല. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ സംവരണത്തിന് ഏർപ്പെടുത്തിയ 50 ശതമാനം പരിധി എടുത്തുകളയും.
താൻ പിന്നാക്ക വിഭാഗക്കാരനാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. എന്നാൽ, ജാതിസംവരണം നടപ്പാക്കണമെന്ന് പറഞ്ഞാൽ രാജ്യത്ത് സമ്പന്നരും പാവങ്ങളും. എന്നീ രണ്ട് ജാതികൾ മാത്രമാണുള്ളതെന്ന് അദ്ദേഹം പറയും -രാഹുൽ പറഞ്ഞു.
ഝാർഖണ്ഡിൽ മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ജെ.എം.എം നേതാവ് ചംപായ് സോറനെ രാഹുൽ അഭിനന്ദിച്ചു. സർക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി-ആർ.എസ്.എസ് ഗൂഢാലോചനയാണ് തകർന്നത്. ഒരു ഗോത്രവിഭാഗക്കാരൻ മുഖ്യമന്ത്രിയായത് അംഗീകരിക്കാൻ ബി.ജെ.പിക്കാവുന്നില്ലെന്നും രാഹുൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.