ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിൽ മൂന്നു സീറ്റിലാണ് ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് മത്സരിക്കുന്നത്. കെ.എ.എം മുഹമ്മദ് അബൂബക്കർ(കടയനല്ലൂർ), എ.എസ്. അബ്ദുറഹ്മാൻ റബ്ബാനി(ചിദംബരം), എൻ.മുഹമ്മദ് നഈം (വാണിയമ്പാടി) എന്നിവരാണ് ജനവിധി തേടുന്ന ലീഗ് സ്ഥാനാർഥികൾ. തിരുപ്പത്തൂർ ജില്ലയിലെ മുസ്ലിം ഭൂരിപക്ഷപ്രദേശമായ വാണിയമ്പാടിയിൽ അണ്ണാ ഡി.എം.കെയുടെ ശെന്തിൽകുമാറാണ് എൻ.മുഹമ്മദ് നഈമിെൻറ മുഖ്യ എതിരാളി. സമത്വ മക്കൾ കക്ഷിയുടെ ജ്ഞാനദാസ്, അസദുദ്ദീൻ ഉവൈസിയുടെ എ.െഎ.എം.െഎ.എം തമിഴ്നാട് ഘടകം പ്രസിഡൻറ് ടി.എസ്.വക്കീൽ അഹ്മദ്, നാം തമിഴർ കക്ഷിയുടെ ദേവേന്ദ്രൻ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയിലെ നിലോഫർ കഫീൽ എതിർസ്ഥാനാർഥിയായ മുസ്ലിംലീഗിലെ സയ്യിദ് ഫാറൂഖിനെ 14,526 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എന്നാൽ, നിലോഫറിന് ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടു. തെങ്കാശി ജില്ലയിൽപ്പെട്ട കടയനല്ലൂർ നിയമസഭ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എയും സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുമായ കെ.എ.എം. മുഹമ്മദ് അബൂബക്കറിനെയാണ് വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട് മുസ്ലിം ലീഗിലെ ശൈഖ് ദാവൂദിനെ 1,194 വോട്ടിെൻറ വ്യത്യാസത്തിലാണ് മുഹമ്മദ് അബൂബക്കർ പരാജയപ്പെടുത്തിയത്. നിലവിൽ അണ്ണാ ഡി.എം.കെയിലെ കൃഷ്ണമുരളിയാണ് മുഖ്യ എതിരാളി.
ചിദംബരത്ത് മത്സരിക്കുന്ന ലീഗിലെ എ.എസ്. അബ്ദുറഹ്മാൻ റബ്ബാനി അണ്ണാ ഡി.എം.കെയുടെ സിറ്റിങ് എം.എൽ.എയായ കെ.എ. പാണ്ഡ്യനെയാണ് നേരിടുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാണ്ഡ്യെൻറ ഭൂരിപക്ഷം 1,506 വോട്ട് മാത്രമായിരുന്നു. അന്ന് ഡി.എം.കെയുടെ കെ.ആർ. ശെന്തിൽകുമാറിനെയാണ് പാണ്ഡ്യൻ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.