ബെയ്ജിങ്: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ 14ാം വട്ട കമാൻഡർതല ചർച്ച ബുധനാഴ്ച നടക്കാനിരിക്കെ, മേഖലയിലെ സ്ഥിതിഗതികൾ സന്തുലിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. കിഴക്കൻ ലഡാക്കിലെ അവശേഷിക്കുന്ന തർക്കപ്രദേശങ്ങളിൽനിന്നുള്ള പിന്മാറ്റം സാധ്യമാക്കാനായി നടന്നുവരുന്ന സൈനികതല ചർച്ചയെ ആശാവഹമായാണ് കാണുന്നതെന്ന് ഇന്ത്യ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഇരുരാജ്യങ്ങളും അംഗീകരിച്ച പ്രകാരം ജനുവരി 12ന് ചൈനീസ് മേഖലയായ മോൾഡോയിൽ കമാൻഡർതല ചർച്ച നടക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ മാധ്യമങ്ങളോട് പറഞ്ഞു.
''നിലവിൽ അതിർത്തിയിലെ സ്ഥിതിഗതികൾ പൊതുവെ സന്തുലിതമായി തുടരുകയാണ്. സൈനികതലത്തിലും നയതന്ത്ര തലത്തിലും ഇരുരാജ്യങ്ങളും പരസ്പരം ആശയവിനിമയം നടത്തുന്നുമുണ്ട്.''-വാങ് പറഞ്ഞു. മേഖലയിലെ 'അടിയന്തര സാഹചര്യം' എന്നത് 'സാധാരണ നില' എന്നതിലേക്ക് എത്തിക്കാൻ ഇന്ത്യ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വക്താവ് കൂട്ടിച്ചേർത്തു.
കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖ മേഖലയിലെ ചുശൂൽ -മോൾഡോയിൽ ബുധനാഴ്ച ഇരു രാജ്യങ്ങളുടെയും ഉന്നത സൈനിക കമാൻഡർതല ചർച്ച നടക്കുമെന്ന് ഇന്ത്യൻ വൃത്തങ്ങളും ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
അവശേഷിക്കുന്ന സംഘർഷമേഖലകളിൽ നിന്ന് പിന്മാറാനുള്ള വഴി ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യ ദെസ്പാങ്ങിലും ഡെംചോക്കിലുമടക്കം പരിഹാരം കാണാനാകുമെന്നും കരുതുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന 13ാം വട്ട ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. തങ്ങൾ മുന്നോട്ടുവെച്ച ക്രിയാത്മക നിർദേശങ്ങൾ ചൈന അംഗീകരിച്ചില്ലെന്നും ഇന്ത്യ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.