ന്യൂഡല്‍ഹി: കോവിഡ് -19 ഭീഷണി വർധിച്ചതോടെ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ 75 ജില്ലക ളില്‍ അവശ്യസേവനങ്ങള്‍ ഒഴികെയുള്ളവ അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശം. രോഗവ്യാപനം തടയാന്‍ രാജ്യത്തെ എല്ലാ യാത്രാ ട്രെയിനുകളും മാര്‍ച്ച് 31 വരെ റദ്ദാക്കി. മെട്രോ െറയില്‍ സര്‍വിസുകളും അന്തര്‍സംസ്ഥാന ബസ് സര്‍വിസും നിര്‍ത്തിവെച്ചു. ഡല്‍ഹിയിലും മഹാരാഷ്ട്രയിലെ എല്ലാ നഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ്-19 ബാധിതരുടെ എണ്ണം 350 കടന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച രാവിലെ ചേര്‍ന്ന ഉന്നത അവലോകന യോഗം 75 ജില്ലകളില്‍ അവശ്യസേവനങ്ങള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. കേരളത്തിൽ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് അവശ്യസേവനങ്ങള്‍ ഒഴികെയുള്ളവ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
കർണാടകയിൽ ഒമ്പത് ജില്ലകൾ അടച്ചിടും
ബംഗളൂരു: സംസ്ഥാനത്ത് കോവിഡ്-19 രോഗബാധിതരുടെ എണ്ണം 26 ആയി ഉയർന്നതോടെ കേന്ദ്ര നിർദേശത്തോടെ കടുത്ത നടപടികൾ സ്വീകരിച്ച് കർണാടക സർക്കാർ. മാർച്ച് 31 വരെ തലസ്ഥാന നഗരിയായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകൾ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. കർണാടക ആർ.ടി.സി മാർച്ച് 31വരെ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള അന്തർസംസ്ഥാന സർവിസുകൾ നിർത്തിവെച്ചു. ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ച ജില്ലകളിലും ഇവയോട് ചേർന്നുള്ള ജില്ലകളിലുമാണ് കടുത്ത നിയന്ത്രണം. ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, ദക്ഷിണ കന്നട, മൈസൂരു, കലബുറഗി, ധാർവാഡ്, ചിക്കബെല്ലാപുര, കുടക്, ബെളഗാവി തുടങ്ങിയ ജില്ലകളാണ് മാർച്ച് 31വരെ അടച്ചിടുന്നത്. ഈ ജില്ലകളില്‍ അവശ്യസേവനങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്നും എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടുമെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കും. പലചരക്ക്, പാൽ, പച്ചക്കറി, പഴക്കടകൾ, മെഡിക്കൽ ഷോപ്പുകൾ, മത്സ്യം, പത്രം, ഒാട്ടോ, ടാക്സി തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരിക്കും. കാർഷിക വിപണി, കൃഷി തുടങ്ങിയവക്കും നിയന്ത്രണമുണ്ടാകില്ല. ഒമ്പതു ജില്ലകളിലെയും ഗതാഗതത്തിന് വിലക്കുണ്ട്. മാർച്ച് 31വരെ ഒമ്പതു ജില്ലകളിലും അന്തർ ജില്ല ബസ് സർവിസുകളും ഉണ്ടാകില്ല.
ഇതിനിടെ കർണാടകയിലെ എല്ലാ അതിർത്തികളും അടച്ചതായി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു.
പഞ്ചാബ്, രാജസ്ഥാന് സര്‍ക്കാറുകള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെക്കും
ന്യൂഡൽഹി: അവശ്യസാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിടാതിരിക്കാന്‍ ചരക്കുവണ്ടികള്‍ മുടക്കമില്ലാതെ ഓടിക്കുമെന്ന് െറയില്‍വേ വ്യക്തമാക്കി. മാര്‍ച്ച് 13നും 16നുമിടയില്‍ യാത്രചെയ്ത 12 ട്രെയിന്‍ യാത്രക്കാര്‍ക്ക് കോവിഡ് രോഗബാധയുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ മാസം 31 വരെ യാത്രവണ്ടികളൊന്നും ഓടിേക്കണ്ടെന്ന് ഞായറാഴ്ച രാവിലെ ചേര്‍ന്ന െറയില്‍വേ ബോര്‍ഡ് യോഗം തീരുമാനിച്ചത്. നിലവില്‍ ഓടിത്തുടങ്ങിയ ദീര്‍ഘദൂര വണ്ടികള്‍ യാത്ര മുഴുമിക്കും. അതേസമയം, മെട്രോ സര്‍വിസുകളും നിര്‍ത്തും. സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അന്തര്‍സംസ്ഥാന ബസ് സര്‍വിസുകളും ഇനിയുണ്ടാകില്ല.
രോഗബാധിതരുടെ എണ്ണം ഏറുന്നു
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി കേന്ദ്ര ആരോഗ്യ ജോയൻറ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. വിദേശത്തുനിന്ന് വരുന്നവര്‍ക്കെല്ലാം സമ്പര്‍ക്ക വിലക്ക് അനിവാര്യമാണ്. 17,000 പേരെ പരിശോധിച്ചതില്‍ ഏതാനും മരണങ്ങളാണുണ്ടായതെന്നും 70,000 വരെ സാമ്പിളുകള്‍ ഒരാഴ്ച പരിശോധിക്കാനുള്ള സംവിധാനമാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുള്ള 111 ലാബുകളില്‍ 60 എണ്ണം സ്വകാര്യമേഖലകളിലാണ്. 4500 രൂപ പരിശോധനക്ക് ഈടാക്കാന്‍ സ്വകാര്യ ലാബുകള്‍ക്ക് ഐ.സി.എം.എം.ആര് അനുമതി നല്‍കിയിട്ടുണ്ട്. പഞ്ചാബില്‍ ശഹീദ് ഭഗത് സിങ് ജില്ലയില്‍ പുതുതായി ഏഴു പേര്‍ക്കുകൂടി രോഗബാധ സ്ഥരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 21 ആയി ഉയര്‍ന്നു.
നാലു പേര്‍ക്കുകൂടി പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തില്‍ മൊത്തം രോഗികളുടെ എണ്ണം 18 ആയി. തെലങ്കാനയില്‍ രോഗികളുടെ എണ്ണം 22 ആണ്. കോവിഡ്- 19 ബാധയെ തുടര്‍ന്ന് ഗുജറാത്തില്‍ ആദ്യ മരണം സൂറത്തില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തു.
അടച്ചിടൽ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും ഇതേ നിര്‍ദേശം നല്‍കിയത്. പഞ്ചാബ്, രാജസ്ഥാന് സര്‍ക്കാറുകള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെക്കാനും ഷോപ്പിങ് മാളുകളും കടകളും അടക്കമുള്ളവ അടച്ചിടാനും തീരുമാനിച്ചു. ഭക്ഷണം, ചികിത്സ, ബാങ്കിങ്, തപാല്‍, പെട്രോളിയം ഉല്പന്നങ്ങള് തുടങ്ങി 14 മേഖലകളെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു. കേരളം പോലെ കോവിഡ് ആദ്യം കണ്ട സംസ്ഥാനങ്ങളിലൊന്നായ പശ്ചിമ ബംഗാള്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അവശ്യസേവനങ്ങള്‍ അല്ലാത്തവയെല്ലാം അടച്ചിടും. ആരോഗ്യ, ബാങ്കിങ് സേവനങ്ങള്‍ തുടരും. ഗുജറാത്തില്‍ അഹ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര നഗരങ്ങളില്‍ പച്ചക്കറി, പാലുല്പന്നങ്ങള്, മരുന്ന് എന്നിവയുടേതല്ലാത്ത കടകമ്പോളങ്ങള്‍ അടച്ചിടും.
തമിഴ്നാട്ടിൽ അടക്കുന്നത് മൂന്നു ജില്ലകൾ
കോവിഡ്-19 ബാധയെ തുടർന്ന് തമിഴ്നാട്ടിലെ മൂന്നു ജില്ലകൾ മാർച്ച് 31 വരെ അടക്കും. ചെന്നൈ, കാഞ്ചിപുരം, ഇൗറോഡ് ജില്ലകളാണ് അടക്കുന്നത്. കടുത്ത നിയന്ത്രണമാണ് ഇൗ ജില്ലകളിൽ ഏർപ്പെടുത്തുക. സബർബൻ, മെട്രോ ഉൾപ്പെടെ മുഴുവൻ ട്രെയിൻ സർവിസുകളും നിർത്തിവെക്കും. അന്തർ സംസ്ഥാന റൂട്ടുകളിൽ വാഹന ഗതാഗതത്തിന് കർശന നിയന്ത്രണവും ഉണ്ടാകും.
അതേസമയം, പാൽ, പച്ചക്കറി തുടങ്ങിയ അവശ്യസാധനങ്ങളുടെ നീക്കത്തിനും വിൽപനക്കും തടസ്സമുണ്ടാവില്ല. ഇവിടങ്ങളിൽ ജനത കർഫ്യൂ നീട്ടുന്ന കാര്യവും സംസ്ഥാന സർക്കാറിെൻറ പരിഗണനയിലുണ്ട്.
ബാങ്കുകളില്‍ അവശ്യസേവനം മാത്രം
പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ചെക്കുകള്‍ മാറ്റല്‍ തുടങ്ങിയ അവശ്യബാങ്കിങ് സേവനങ്ങള്‍ മാത്രമേ തിങ്കളാഴ്ച മുതല്‍ രാജ്യത്തെ ബാങ്കുകളില്‍ അനുവദിക്കൂ എന്ന് ഇന്ത്യന്‍ ബാങ്കേഴ്സ് അസോസിയേഷന് അറിയിച്ചു. രാജ്യത്തെ 10 ലക്ഷം പേരുള്ള അര്‍ധ സൈനിക വിഭാഗങ്ങളുടെ എല്ലാതരം നീക്കങ്ങളും യാത്രകളും ഏപ്രില്‍ അഞ്ചു വരെ നിര്‍ത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.