ന്യൂഡൽഹി: രാജ്യത്ത് 1,68,063 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരായി ചികിത്സയിൽ തുടരുന്നവരുടെ ആകെ എണ്ണം 8,21,446 ആയി വർധിച്ചു. 277 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. 69,959 പേർ രോഗമുക്തി നേടി. 10.64 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിനേക്കാൾ നേരിയ കുറവാണ് ഇന്ന് രോഗികളുടെ എണ്ണം. തിങ്കളാഴ്ച 1.79 ലക്ഷം പേർക്കായിരുന്നു രോഗബാധ.
ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 4461 ആയി. മഹാരാഷ്ട്ര (1247), രാജസഥാൻ (645), ഡൽഹി (546) എന്നിവിടങ്ങളിലാണ് ഒമിക്രോൺ ബാധിതർ കൂടുതൽ.
മൂന്നാം തരംഗ വ്യാപനം മുൻനിർത്തി ഡൽഹിയിൽ തിങ്കളാഴ്ച മുതൽ 60 കഴിഞ്ഞവർക്ക് മുൻകരുതൽ വാക്സിൻ ഡോസ് നൽകിത്തുടങ്ങി. ആരോഗ്യ, മുൻനിര പ്രവർത്തകർക്കും മുൻകരുതൽ ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പതു മാസം കഴിഞ്ഞവർക്കാണ് ഈ ഡോസ്. ഡൽഹിയിൽ മൂന്നു ലക്ഷം പേർ മൂന്നാം ഡോസിന് അർഹരാണ്. കോവിൻ അക്കൗണ്ട് വഴി രജിസ്റ്റർ ചെയ്യാം. കഴിഞ്ഞ രണ്ടു തവണ നൽകിയ അതേ വാക്സിനാണ് മൂന്നാം ഡോസായി നൽകുക.
ന്യൂഡൽഹി: ഇന്ത്യയിൽ 10 ദിവസം മുമ്പ് ദിനേന റിപ്പോർട്ട് ചെയ്തിരുന്ന കോവിഡ് കേസുകൾ 15,000ത്തിൽ താഴെയെങ്കിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 1.68 ലക്ഷം. വർധനവിനുള്ള പ്രധാന കാരണം ഡെൽറ്റക്കു പുറമെ ഒമിക്രോണിന്റെ കൂടി വ്യാപനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവരുടെ എണ്ണം ഇപ്പോൾ വളരെ കുറവാണെങ്കിലും ഓക്സിജൻ, തീവ്രപരിചരണത്തിനുള്ള കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവ സജ്ജമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. കോവിഡ് രോഗികളെ പരിചരിക്കുന്ന കേന്ദ്രങ്ങളിൽ ഓക്സിജൻ നൽകാൻ കഴിയുംവിധം കിടക്കകൾ സജ്ജീകരിക്കണം.
മൂന്നാം തരംഗത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തിൽ അഞ്ചു മുതൽ 10 ശതമാനം വരെ രോഗികളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നത്. എന്നാൽ, ആശുപത്രിയിൽ എത്തിച്ച് പരിചരണം നൽകേണ്ടതിന്റെ ആവശ്യകത കൂടിയേക്കാം. സാഹചര്യങ്ങൾ അതിവേഗം മാറാം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ കാര്യത്തിലും ശ്രദ്ധവേണം.
രണ്ടാം തരംഗം ഉണ്ടായപ്പോൾ 20 മുതൽ 30 ശതമാനം വരെ കോവിഡ് ബാധിതരെ ആശുപത്രിയിലാക്കേണ്ടി വന്നിരുന്നു. മൂന്നാം തരംഗത്തിൽ ഈ തോത് പ്രതീക്ഷിക്കുന്നില്ല. അഞ്ചു മുതൽ 10 ശതമാനം വരെ കോവിഡ് ബാധിതർക്ക് മാത്രമാണ് ആശുപത്രി പരിചരണം വേണ്ടി വരുകയെങ്കിലും, വ്യാപനതോത് കൂടുതലായിരിക്കും. രണ്ടാം തരംഗത്തിൽ 100 ഡെൽറ്റ ബാധിതരുടെ സ്ഥാനത്ത് മൂന്നാം തരംഗത്തിൽ 400 മുതൽ 500 വരെ ഒമിക്രോൺ/ഡെൽറ്റ ബാധിതർ ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ആനുപാതികമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണവും കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.