‘ഇന്ത്യ’ക്ക് പിന്നാലെ ‘ഭാരത്’ ടാഗ് ലൈൻ; ബി.ജെ.പി വിമർശനത്തിന്റെ മുനയൊടിച്ച് പ്രതിപക്ഷ സഖ്യം

ബംഗളൂരുവിൽ 26 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിൽ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ്) എന്ന് പേരിട്ടതി​ന് പിന്നാലെ ‘ജീത്തേഗാ ഭാരത്’ (ഭാരതം വിജയിക്കും) എന്ന ടാഗ് ലൈനും നൽകി. ചൊവ്വാഴ്ച രാത്രിയാണ് ടാഗ് ലൈനിൽ അന്തിമ തീരുമാനമായത്. ഇന്ത്യ വേഴ്സസ് ഭാരത് എന്ന ചർച്ച ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. സഖ്യത്തിന് ഹിന്ദിയിലുള്ള ടാഗ് ലൈൻ വേണമെന്ന് ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താ​ക്കറെ ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷ സഖ്യത്തിന്റെ പേരിനെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ തന്റെ ട്വിറ്റർ ബയോയിലെ ‘ഇന്ത്യ’ മാറ്റി ‘ഭാരത്’ എന്നാക്കുകയും ഇന്ത്യ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്ന് വിശദീകരിക്കുകയും ചെയ്തു. കൊളോണിയൽ ചിന്താഗതിയില്‍നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കുന്നതിനാകണം പോരാട്ടമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇതിന് പിന്നാലെ ഹിമന്ദയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. കൊളോണിയല്‍ ചിന്താഗതിയെന്നത് ഹിമന്ദ സ്വന്തം ബോസിനോട് (പ്രധാനമന്ത്രിയോട്) പറഞ്ഞാല്‍ മതിയെന്ന് ജയറാം രമേശ് പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ എന്നിങ്ങനെ മോദി വിവിധ സർക്കാർ പദ്ധതികള്‍ക്ക് ഇന്ത്യ എന്നാണ് പേര് നൽകിയത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇന്ത്യക്ക് വേണ്ടി വോട്ട് ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പില്‍പോലും മോദി ആവശ്യപ്പെട്ടതെന്നും പ്രധാനമന്ത്രിയുടെ തെര‍ഞ്ഞെടുപ്പ് പ്രചാരണ വിഡിയോ പങ്കുവെച്ച് ജയറാം രമേശ് പരിഹസിച്ചു.

അതേസമയം, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് എൻ.ഡി.എയും ഇന്ത്യയും തമ്മിലും നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലുമുള്ള പോരാട്ടമാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.

Tags:    
News Summary - 'India' followed by 'Bharat' tag line; Opposition scores in the face of BJP criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.