മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ്, ഉദ്ധവ് പക്ഷ ശിവസേന, പവാർ പക്ഷ എൻ.സി.പി സഖ്യമായ എം.വി.എയുടെ സീറ്റു വിഭജന ചർച്ചയിൽ പരിഗണന നൽകാത്തതിനെതിരെ മുന്നറിയിപ്പുമായി ചെറുപാർട്ടികളുടെ കൂട്ടായ്മ. സി.പി.എമ്മിന്റെ നേതൃത്വത്തിൽ സി.പി.ഐ, സമാജ്വാദി പാർട്ടി, പെസാന്റ് വർക്കേഴ്സ് പാർട്ടി തുടങ്ങിയവർ ഉൾപ്പെട്ട ‘പുരോഗമന പാർട്ടികൾ’ ബുധനാഴ്ച പുണെയിൽ സമ്മേളിച്ചു. 2000 ഓളം പ്രതിനിധികളാണ് പങ്കെടുത്തത്. ബി.ജെ.പി നേതൃത്വത്തിലുള്ള മഹായൂത്തി സഖ്യത്തെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും അതിന് ജനപക്ഷ നയങ്ങളുണ്ടാക്കുകയും സീറ്റു വിഭജനത്തിൽ ചെറുപാർട്ടികളെ പരിഗണിക്കുകയും വേണമെന്ന സന്ദേശമാണ് സമ്മേളനം എം.വി.എക്ക് നൽകിയത്. ഇല്ലെങ്കിൽ തനിച്ച് മത്സരിക്കുമെന്ന സൂചനയാണ് സി.പി.എമ്മും സമാജ്വാദി പാർട്ടിയും നൽകിയത്. രണ്ട് എം.എൽ.എമാരുള്ള സമാജ്വാദി പാർട്ടിയും ഒരു സിറ്റിങ് സീറ്റുള്ള സി.പി.എമ്മും 12 സീറ്റുകൾ വീതമാണ് ആവശ്യപ്പെടുന്നത്.
അതേസമയം, സമാജ്വാദി പാർട്ടിയുമായി ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ സഹകരിക്കുമെന്ന് കോൺഗ്രസ് നേതാവ് വിജയ് വഡേതിവാർ പറഞ്ഞു. കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക വെള്ളിയാഴ്ച പുറത്തുവിട്ടേക്കും. ബി.ജെ.പിയും 110 സ്ഥാനാർഥികളുടെ ആദ്യ പട്ടിക വെള്ളിയാഴ്ച പുറത്തുവിടുമെന്നാണ് സൂചന. അതിനിടെ, ഷാറൂഖ് ഖാന്റെ മകനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത് വിവാദത്തിലായ സമീർ വാംഖഡെ ഷിൻഡെ പക്ഷ ശിവസേനയിൽ ചേർന്ന് ധാരാവി സീറ്റിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.