ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ഇപ്പോഴും തുടരുന്നതിനിടെ വിദേശവാക്സിനുകൾക്കായി ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. അമേരിക്കൻ വാക്സിനുകളായ ഫൈസറും മൊഡേണയും ഉടൻ രാജ്യത്തെത്തില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഈ രണ്ട് വാക്സിൻ നിർമാതാക്കൾക്കും നിരവധി രാജ്യങ്ങളിൽ നിന്ന് ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. അത് പൂർത്തിയാക്കി മാത്രമേ ഇന്ത്യയിലെ വിതരണം ആരംഭിക്കാൻ സാധിക്കു. 2023 വരെയെങ്കിലും ഈ വാക്സിനുകൾക്കായി കാത്തരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
ഫൈസർ കഴിഞ്ഞ ഫെബ്രുവരിയിൽ അനുമതിക്കായി കേന്ദ്രസർക്കാറിനെ സമീപിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയില്ലെന്ന പറഞ്ഞ് കേന്ദ്രസർക്കാർ ഫൈസറിന്‍റെ അപേക്ഷ തള്ളി. പിന്നീട് ഏപ്രിൽ 13ന് ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ യുടേണടിച്ചു. കോവിഡ് രണ്ടാം തരംഗമുണ്ടായപ്പോൾ യു.എസ്, ഇ.യു, യു.കെ തുടങ്ങിയ രാജ്യങ്ങളിൽ നടത്തിയ പരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ വാക്സിനുകൾക്ക് അനുമതി നൽകാൻ കേന്ദ്രം തീരുമാനിച്ചു.
ഫൈസർ, മൊഡേണ തുടങ്ങിയ കമ്പനികളുമായി കേന്ദ്രസർക്കാർ ചർച്ചകൾ നടത്തുന്നുവെന്നാണ് ആരോഗ്യമന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ വ്യക്തമാക്കുന്നത്. യു.എസിലെത്തിയ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും മരുന്ന് കമ്പനികളുമായി ചർച്ചകൾ നടത്തിയിരുന്നു. അതേസമയം, സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ നൽകില്ലെന്ന് ഫൈസറും മൊഡേണയും അറിയിച്ചുവെന്ന് ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ അറിയിച്ചിരുന്നു. ഫൈസറിന് 100 ബില്യൺ ഡോളറിന്‍റെ വാക്സിൻ ഓർഡറുകൾ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈയൊരു സാഹചര്യത്തിൽ ഇന്ത്യയിലെ വാക്സിൻ വിതരണം യു.എസ് കമ്പനികൾക്ക് അടുത്തെങ്ങും ആരംഭിക്കാനാവില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.