‘അതിര്‍ത്തി കടന്ന്’ മലയാളികളുടെ ആക്രമണം

ന്യൂഡല്‍ഹി: പാക് അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണത്തിന് രാജ്യത്തെ നവ മാധ്യമങ്ങളുടെ കൂട്ടമായ പിന്തുണ. പ്രമുഖ വ്യക്തികളടക്കം സാധാരണക്കാര്‍വരെ സൈനിക നടപടിയെ പിന്തുണച്ചും പാകിസ്താനെ വിമര്‍ശിച്ചും പരിഹസിച്ചും പോസ്റ്റുകളിട്ടു.
ഫേസ്ബുക്, വാട്സ്ആപ്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ നവമാധ്യമങ്ങളിലാണ് ഇന്ത്യന്‍ സേനയെ വാനോളം പുകഴ്ത്തി കമന്‍റുകളും ട്രോളുകളുമുള്ളത്. അതിനിടെ പാക് സൈന്യത്തിലെ പി.ആര്‍ മേധാവി ജനറല്‍ അസീം ബജ്വയുടെ ഫേസ്ബുക്കില്‍ മലയാളികള്‍ തെറിയഭിഷേകം നടത്തി.

രാഷ്ട്രീയകക്ഷിഭേദമന്യേ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള നാനാരംഗത്തുമുള്ളവരാണ് തങ്ങളുടെ ഫേസ്ബുക്കിലും വാട്സ്ആപിലും ട്വിറ്ററിലുമായി സൈന്യത്തിന്‍െറ വിജയം ആഘോഷിക്കുന്നത്. കൂടെ ട്രോളുകളിലൂടെ പാക് സൈന്യത്തെയും അവിടത്തെ രാഷ്ട്രീയ നേതൃത്വത്തെയും കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്.

ആഭ്യന്തരമന്ത്രി മനോഹര്‍ പരീകര്‍, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍,  റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, സാമൂഹിക പ്രവര്‍ത്തക കിരണ്‍ ബേഡി, എഴുത്തുകാരന്‍ ചേതന്‍ ഭഗത് തുടങ്ങി സമൂഹത്തിന്‍െറ വിവിധരംഗത്തുള്ളവര്‍ സൈന്യത്തെ പുകഴ്ത്തിക്കൊണ്ട് ട്വിറ്ററില്‍ കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. അതിനിടെ, മലയാളികളും ‘അതിര്‍ത്തി കടന്ന്’ ആക്രമണം നടത്തി.

പാക് സൈന്യത്തിലെ  ജനറല്‍ അസീം ബജ്വയുടെ ഫേസ്ബുക്കില്‍ മാതൃഭാഷയിലാണ് മലയാളികള്‍ തെറിയുടെ പൊങ്കാലയിട്ടിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്‍െറ മിന്നലാക്രമണത്തെ നിഷേധിച്ച് അദ്ദേഹമിട്ട പോസ്റ്റിന് കീഴിലാണ് മലയാളത്തിലുള്ള കമന്‍റുകള്‍. ജനറല്‍ അസീം ബജ്വയെ അളിയാ എന്ന് വിളിച്ചുകൊണ്ടാണ് ചിലരുടെ പ്രതികരണം. ഇത്തിരി തെറി മുഷര്‍റഫിനും നവാസ് ശരീഫിനും കൊടുക്കാനും ചിലര്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. മിക്ക കമന്‍റുകള്‍ക്കും നിരവധി ലൈക്കുകളുണ്ട്.

Tags:    
News Summary - india pak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.