ലാഹോർ: ഇന്ത്യ, പാകിസ്താൻ ബന്ധത്തിലെ വിള്ളൽമൂലം നഷ്ടമാവുന്നത് 20 ലക്ഷം കോടി രൂപയുടെ വ്യാപാര അവസരമാണെന്ന് പാകിസ്താനിലെ ഇന്ത്യൻ ഹൈകമീഷണർ അജയ് ബിസാരിയ ചൂണ്ടിക്കാട്ടി. പാകിസ്താനിൽ ലാഹോർ േചംബർ ഒാഫ് കോമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.
അയൽരാജ്യങ്ങൾ തമ്മിൽ ബന്ധം സാധാരണനിലയിലേക്ക് കൈവരിക്കേണ്ടതിെൻറ ആവശ്യകത ബിസാരിയ പ്രസംഗത്തിൽ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും വ്യാപാരികൾ വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം സാധാരണനിലയിലായാൽ 20 ലക്ഷം കോടി രൂപയുടെ (30 ബില്യൺ യു.എസ് ഡോളർ) വ്യാപാരബന്ധം സ്ഥാപിക്കപ്പെടുമെന്നാണ് ലോകബാങ്ക് കണക്കാക്കുന്നത്. നിലവിൽ 2.2 ബില്യൺ യു.എസ് ഡോളറാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരത്തിെൻറ ആകെ മൂല്യം.
സമാധാനപരമായ ഭാവിക്കുവേണ്ടി ഇരുരാജ്യങ്ങളിലുമുള്ളവർ ഒരുമിച്ച് പ്രവർത്തിക്കണം. ദാരിദ്ര്യവും നിരക്ഷരതയും ഇരു രാജ്യങ്ങളുടെയും പൊതുശത്രുക്കളാണ്. 70 വർഷത്തിലധികമായി ഇരുരാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടുന്നു. അത് ആർക്കും ഉപകാരം ചെയ്തിട്ടില്ല, ബിസാരിയ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം സാധാരണനിലയിലാവുന്ന മുറക്ക്, ഇരുവരും തമ്മിൽ ക്രിക്കറ്റ് മത്സരം സാധാരണനിലയിൽ നടക്കുമെന്ന പ്രതീക്ഷയും ഹൈകമീഷണർ പങ്കുവെച്ചു.
കഴിഞ്ഞയാഴ്ച, ഇന്ത്യയിലെ പാക് ഹൈകമീഷണർ സുഹൈൽ മഹ്മൂദും ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ഉൗഷ്മളമാവുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.