ഫലസ്തീനിലെ ഇസ്രായേൽ കുടിയേറ്റത്തെ എതിർത്ത് യു.എന്നിൽ പ്രമേയം: അനുകൂലിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭ: അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ കുടിയേറ്റ പ്രവർത്തനങ്ങളെ അപലപിക്കുന്നതടക്കമുള്ള അഞ്ച് ഐക്യരാഷ്ട്രസഭ കരട് പ്രമേയങ്ങളെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ. അതേസമയം, അധിനിവിഷ്ട പ്രദേശങ്ങളിലെ ഇസ്രായേൽ പ്രവൃത്തികൾ ഫലസ്തീനികളുടെയും മറ്റ് അറബ് ജനതയുടെയും മനുഷ്യാവകാശങ്ങളെ ബാധിക്കുന്നത് സംബന്ധിച്ച അന്വേഷണ നടത്താനുള്ള പ്രത്യേക സമിതിയെന്ന കരട് പ്രമേയത്തിൽനിന്ന് ഇന്ത്യ വിട്ടുനിൽക്കുകയും ചെയ്തു.

ഫലസ്തീൻവിഷയം അടക്കമുള്ള പശ്ചിമേഷ്യയിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ആറ് കരട് പ്രമേയങ്ങളാണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ നാലാം സമിതി (പ്രത്യേക രാഷ്ട്രീയ, അപകോളനിവത്കരണം) വെള്ളിയാഴ്ച അംഗീകരിച്ചത്.

‘കിഴക്കൻ ജറൂസലം അടക്കമുള്ള അധിനിവിഷ്ട ഫലസ്തീൻപ്രദേശങ്ങൾ, അധിനിവിഷ്ട സിറിയൻ ഗോലാൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ള ഇസ്രായേൽ കുടിയേറ്റകേന്ദ്രങ്ങൾ’ എന്ന തലക്കെട്ടിലുള്ള കരട് പ്രമേയം ഏഴിനെതിരെ 145 വോട്ടുകൾക്കാണ് അംഗീകരിച്ചത്. 18 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഈയിടെ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ പ്രമേയത്തിലെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

കാനഡ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ ഇന്ത്യ, ചൈന, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ജപ്പാൻ, മലേഷ്യ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ്, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾ അനുകൂലിച്ചു. പ്രമേയപ്രകാരം അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെയും സിറിയൻ ഗോലാനിലെയും ഇസ്രായേൽ കുടിയേറ്റ പ്രവർത്തനങ്ങൾ ജനറൽ അസംബ്ലി അപലപിക്കും.

ഇന്ത്യ വിട്ടുനിന്ന, മനുഷ്യാവകാശ പ്രശ്നങ്ങൾ സംബന്ധിച്ച പ്രമേയം 13നെതിരെ 85 വോട്ടുകൾക്ക് അംഗീകാരം നേടി. 72 രാജ്യങ്ങളാണ് വിട്ടുനിന്നത്. അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇസ്രായേൽ പ്രവൃത്തികളെ അപലപിക്കുന്നതാണ് പ്രമേയം. അധിനിവിഷ്ട സിറിയൻ ഗോലാൻ പ്രദേശങ്ങൾ സംബന്ധിച്ച മറ്റൊരു പ്രമേയമാണ് ഇന്ത്യ അനുകൂലിച്ചത്. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് പ്രവർത്തനങ്ങൾ, ഫലസ്തീൻ അഭയാർഥികൾക്കുള്ള സഹായം, ഫലസ്തീൻ അഭയാർഥികളുടെ സ്വത്തും വരുമാനവും എന്നീ പ്രമേയങ്ങളിലും ഇന്ത്യ അനുകൂലമായി വോട്ടുചെയ്തു. 

Tags:    
News Summary - India supports UN resolution condemning Israeli settlements in Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.