അഫ്ഗാനിസ്താനിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് അജിത് ഡോവൽ

ന്യൂഡൽഹി: ഇന്ത്യ അഫ്ഗാനിസ്താന്റെ പങ്കാളിയാണെന്നും അവിടെയുള്ള ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്.എ) അജിത് ഡോവൽ. താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ അഫ്ഗാനെ കുറിച്ചുള്ള നാലാമത്തെ പ്രാദേശിക സുരക്ഷാ സംഭാഷണത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളായി അഫ്ഗാനിലെ ജനങ്ങളുമായുള്ള ബന്ധം ഇന്ത്യ നിലനിർത്തുമെന്നും. അതില്ലാതെയാക്കാൻ യാതൊന്നിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാൻ ഭരിക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ക്രിയാത്മകമായ വഴികൾ കണ്ടെത്തേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഭീകരവാദത്തെയും തീവ്രവാദ ഗ്രൂപ്പുകളെയും നേരിടാനുള്ള അഫ്ഗാനിസ്താന്റെ കഴിവ് വർധിപ്പിക്കുന്നതിന് ഒരുമിച്ച് നിൽക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. താജിക്കിസ്ഥാൻ, റഷ്യ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ, കിർഗിസ്ഥാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

ദുഷാൻബെയിൽ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള രണ്ട് ദിവസത്തെ സുരക്ഷാ ഉച്ചകോടി വ്യാഴാഴ്ച ആരംഭിച്ചു. പതിറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിലെ ഇൻഫ്രാസ്ട്രക്ചർ, കണക്റ്റിവിറ്റി, മാനുഷിക സഹായം എന്നിവയിൽ ഇന്ത്യ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും അജിത് ഡോവൽ വ്യക്തമാക്കി. താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ 5,00,000 ഡോസ് കോവാക്സിൻ, 13 ടൺ അവശ്യ ജീവൻരക്ഷാ മരുന്നുകളും ശീതകാല വസ്ത്രങ്ങളും 60 ദശലക്ഷം ഡോസ് പോളിയോ വാക്സിൻ 17000 മെട്രിക് ടൺ ഗോതമ്പ് ഇന്ത്യ ഇതിനകം അഫ്ഗാനിസ്താന് നൽകിയിട്ടുണ്ട്. .

2021 നവംബറിൽ ന്യൂഡൽഹിയിൽ നടന്ന അഫ്ഗാനെക്കുറിച്ചുള്ള 3ാമത് പ്രാദേശിക സുരക്ഷാ സംഭാഷണത്തിന്റെ തുടർനടപടിയായിരുന്നു ഈ കൂടിക്കാഴ്ച. ഡൽഹി പ്രഖ്യാപനത്തിലെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുമ്പോൾ, അഫ്ഗാനിസ്ഥാനിലെയും മേഖലയിലെയും സ്ഥിതിഗതികൾ എൻ.എസ്.എ ചർച്ച ചെയ്തു. അഫ്ഗാനിസ്ഥാനിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും മേഖലയിൽ നിന്നുയരുന്ന ഭീകരവാദത്തിൽ നിന്നുള്ള അപകടസാധ്യതകളെ ചെറുക്കുന്നതിനും ക്രിയാത്മകമായ വഴികൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും യോഗം ചർച്ച ചെയ്തു.

രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾപ്പെടെ അഫ്ഗാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ആവശ്യമാണെന്ന് ഡോവൽ ആഹ്വാനം ചെയ്തു. ഏതൊരു സമൂഹത്തിന്റെയും ഭാവിക്ക് സ്ത്രീകളും യുവാക്കളും നിർണായകമാണമെന്നും പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിലും നൽകുന്നത് ഉൽപ്പാദനക്ഷമത ഉറപ്പാക്കുകയും വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നും ഡോവൽ പറഞ്ഞു.

Tags:    
News Summary - India Will Stand By Afghanistan: NSA Ajit Doval At Dushanbe Security Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.