സെവിയ: വിമാനനിർമാതാക്കളായ എയർ ബസ് ഇന്ത്യൻ വ്യോമസേനക്ക് നിർമിച്ച ആദ്യ സി295 ട്രാൻസ്പോർട്ട് വിമാനം കൈമാറി. സ്പെയിനിലെ സെവിയ നഗരത്തിൽ നടന്ന ചടങ്ങിൽ എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി വിമാനം ഏറ്റുവാങ്ങി. പ്രത്യേക ദൗത്യങ്ങൾക്കും ദുരന്തബാധിത മേഖലകളിലും ഈ വിമാനം ഉപയോഗിക്കാം. ചരക്കുനീക്കങ്ങൾക്കും ഫലപ്രദമാകും. 60 വർഷമായി ഉപയോഗിക്കുന്ന ആവ്റോ 748 വിമാനങ്ങൾക്ക് പകരമാണ് വ്യോമസേന സി295 വിമാനങ്ങൾ വാങ്ങുന്നത്. നിലവിൽ വ്യോമസേനയുടെ ഭാഗമായ വലിയ വിമാനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത തന്ത്രപ്രധാന മേഖലകളിലേക്ക് പറക്കാൻ സി295 വിമാനങ്ങൾക്ക് സാധിക്കും. 71 പേർക്ക് ഇതിൽ യാത്രചെയ്യാം.
വ്യോമസേനയെ നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി എയർ ബസുമായി രണ്ടു വർഷം മുമ്പാണ് 56 സി295 വിമാനങ്ങൾ വാങ്ങാനുള്ള 21,935 കോടിയുടെ കരാറിൽ ഇന്ത്യ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായുള്ള ആദ്യ ട്രാൻസ്പോർട്ട് വിമാനമാണ് ബുധനാഴ്ച കൈമാറിയത്. വ്യോമസേനയുടെ ആറു പൈലറ്റുമാർക്കും 20 സാങ്കേതിക വിദഗ്ധർക്കും എയർ ബസ് സ്പെയിനിൽ പരിശീലനം നൽകിയിരുന്നു.
കരാർപ്രകാരം 2025ഓടെ പൂർണസജ്ജമായ 16 വിമാനങ്ങൾ എയർബസ് വ്യോമസേനക്ക് കൈമാറും. ബാക്കി 40 വിമാനങ്ങൾ എയർബസുമായി സഹകരിച്ച് ഇന്ത്യയിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് (ടി.എ.എസ്.എൽ) നിർമിക്കും. ഇതാദ്യമായാണ് ഇന്ത്യയിലെ സ്വകാര്യ കമ്പനി വ്യോമസേനയുടെ വിമാനങ്ങൾ നിർമിക്കുന്നത്. ഇതിനായി ഗുജറാത്തിലെ വദോദരയിൽ തുടങ്ങുന്ന ഫാക്ടറിയുടെ ശിലാസ്ഥാപനം കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.