അഫ്ഗാനിൽ നിന്ന് 107 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേരെ കൂടി തിരിച്ചെത്തിച്ചു

ന്യൂഡൽഹി: രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന അഫ്ഗാനിസ്താനിൽ നിന്ന്  107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 പേരെ കൂടി തിരിച്ചെത്തിച്ചു. കാബൂൾ ഹാമിദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 168 പേരുമായി പുറപ്പെട്ട വ്യോമസേനയുടെ സി-17 യുദ്ധവിമാനം ഗാസിയാബാദിലെ ഹിന്ദൻ വ്യോമതാവളത്തിൽ ലാൻഡ് ചെയ്തു.

കാബൂളിൽ നിന്ന് പുറപ്പെട്ട വിമാനം ഇറാന്‍റെ വ്യോമപാത വഴിയാണ് ഗാസിയാബാദിലെത്തിയത്. രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.

അഫ്ഗാനിൽ കുടുങ്ങിയ 222 ഇന്ത്യൻ പൗരന്മാരെ ഇന്ന് രാവിലെ ഡൽഹിയിൽ എത്തിച്ചിരുന്നു. തജികിസ്താൻ നിന്നും ഖത്തറിൽ നിന്നും പ്രത്യേക വിമാനങ്ങളിലാണ് ഇവരെ എത്തി‍യത്. യാത്രാ സംഘത്തിൽ രണ്ടു നേപ്പാൾ പൗരന്മാരും ഉണ്ടായിരുന്നു.

വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം. ദിവസം രണ്ട് വിമാനങ്ങൾ ഉപയോഗിച്ച് പൗരന്മാരെ തിരികെ എത്തിക്കാനാണ് നീക്കം.

തജികിസ്താൻ വ്യോമതാവളം കേന്ദ്രീകരിച്ച് വ്യോമസേനയുടെ സി-17 യുദ്ധവിമാനം, സി-130 ജെ യാത്രാ വിമാനം, എയർ ഇന്ത്യ വിമാനം എന്നിവയാണ് ആളുകളെ തിരിച്ചെത്തിക്കാനായി ഉപയോഗിക്കുന്നത്. പാകിസ്താന്‍റെ വ്യോമപാതക്ക് പകരം തജികിസ്താൻ, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളുടെ വ്യോമപാതയാണ് ഉപയോഗിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.