ഇന്ത്യക്കാർ സുരക്ഷിതരായിരിക്കുന്നത് ആർ.എസ്.എസ് ഉള്ളതിനാൽ: കെ.ടി തോമസ്

ന്യൂഡൽഹി: ആർ.എസ്.എസിനെ വാനോളം പുകഴ്ത്തി മുൻ സുപ്രീംകോടതി ജഡ്ജി കെ.ടി തോമസ്. ഇന്ത്യൻ സൈന്യം, ജനാധിപത്യം, ഭരണഘടന എന്നിവ കഴിഞ്ഞാൽ ഇന്ത്യാക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നത് ആർ.എസ്.എസാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയ സ്വയം സേവകരുടെ പരിശീലകർക്ക് വേണ്ടിയുള്ള ക്യാമ്പിൽ സംസാരിക്കുകയായിരുന്നു കെ.ടി തോമസ്.  ഇന്ത്യാക്കാർ സുരക്ഷിതരായി തുടരുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും ഈ രാജ്യത്ത് ഒരു ഭരണഘടനയുണ്ട്, ഇവിടെ ജനാധിപത്യമുണ്ട്, സൈന്യമുണ്ട്, നാലാമതായി ആർ.എസ്.എസും- അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമമായ ന്യൂസ് 18നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ആർ.എസ്.എസിന്‍റെ കായിക പരിശീലനത്തെയും ജസ്റ്റിസ് പ്രകീർത്തിച്ചു. ആക്രമണം നേരിടുന്ന സമയങ്ങളിൽ രാജ്യത്തേയും സമൂഹത്തേയും പ്രതിരോധിക്കാൻ കായിക പരിശീലനത്തിനാവും. അടിയന്തരാവസ്ഥയിൽ നിന്നും രാജ്യത്തെ രക്ഷിച്ചതും ആർ.എസ്.എസാണെന്നും ആദ്ദേഹം പറഞ്ഞു.

ഹിന്ദു എന്ന വാക്ക് സംസ്ക്കാരത്തെ സൂചിപ്പിക്കുന്നതാണ്. മതേതരം എന്ന വാക്ക് ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ലെന്നും രാജ്യത്തെ ഓരോ വ്യക്തിയുടേയും അന്തസ്സ് സംരക്ഷിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കുവേണ്ടി കമീഷനുകൾ രൂപവൽക്കരിക്കുന്നതിനെ ജസ്റ്റിസ് കെ.ടി തോമസ് ചോദ്യം ചെയ്തു.

ആർ.എസ്.എസ് ബി.ജെ.പി വൃത്തങ്ങളോട് അടുപ്പവും ആദരവും സൂചിപ്പിക്കുന്ന നിലപാടുകളാണ് ജസ്റ്റിസ് കെ.ടി തോമസ് ഈയിടെയായി കൈക്കൊള്ളുന്നത്. ഗാന്ധി വധത്തിൽ ആർ.എസ്.എസിനുള്ള ഉത്തരവാദിത്തം നിരാകരിക്കുന്ന ചില അഭിപ്രായ പ്രകടനങ്ങളും അദ്ദേഹം ഈയിടെ നടത്തിയിരുന്നു.
 

Tags:    
News Summary - Indians Are Safe Because of RSS, Says Former Supreme Court Judge-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.