ന്യൂഡൽഹി: യുക്രെയ്നിൽ നിന്ന് മടങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ഡൽഹിയിലെത്തി. മലയാളികളും വിദ്യാർഥികളും അടക്കം 242 പേരാണ് കിയവിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഇന്ത്യയിൽ മടങ്ങിയെത്തിയതിൽ സന്തോഷമുണ്ടെന്ന് യാത്രക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, യുക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ നിർബന്ധമായി ഒഴിപ്പിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഇന്ത്യയിലേക്ക് തിരികെവരാൻ താൽപര്യമുള്ള എല്ലാവരെയും മടക്കിക്കൊണ്ടുവരും. യുക്രെയിനുള്ള മുഴുവൻ ഇന്ത്യക്കാരും വിവരങ്ങൾ എംബസിക്ക് കൈമാറണമെന്നും അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാനാണിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇന്ത്യക്കാരായ 18,000ഓളം വിദ്യാർഥികളും 2000 പൗരന്മാരും ആണ് യുക്രെയിനിലുള്ളത്. യുദ്ധസാഹചര്യം അനുസരിച്ചാകും കൂടുതൽ പൗരന്മാരെ തിരികെ കൊണ്ടു വരുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് സാധിക്കുമെന്നും വി. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
താൽകാലികമായി നാട്ടിലേക്ക് മടങ്ങാനാണ് വിദ്യാർഥികളോട് ഇന്ത്യൻ എംബസി ആവർത്തിച്ച് ആവശ്യപ്പെടുന്നത്. മടങ്ങുന്നവർക്ക് ഓൺലൈൻ ക്ലാസിന് സംവിധാനമൊരുക്കുമോ എന്ന യുക്രെയ്നിലെ മെഡിക്കൽ വിദ്യാർഥികളുടെ അന്വേഷണത്തിന്, അധികാരികളുമായി സമ്പർക്കത്തിലാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കൂടാതെ, ചാർട്ടർ ചെയ്ത വിമാനങ്ങൾക്കായി, ബന്ധപ്പെട്ട സ്റ്റുഡന്റ് കോൺട്രാക്ടർമാരുമായി ആശയവിനിമയം നടത്താനും സമൂഹ മാധ്യമങ്ങളിൽ എംബസിയെ പിന്തുടരാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.