നാസിക് (മഹാരാഷ്ട്ര): നിയമസഭ സീറ്റുകളിൽ എൻ.സി.പിയും ലോക്സഭയിൽ ബി.ജെ.പിയും ആധിപത്യമുറപ്പിച്ച ഡിംഡോരിയിൽ സി.പി.എമ്മിലാണ് ഇൻഡ്യ ബ്ലോക്കിന്റെ പ്രതീക്ഷ. കർഷകരോഷം കത്തിയാളിയ വടക്കൻ മഹാരാഷ്ട്രയുടെ ഭാഗമാണ് ഡിംഡോരി. 2019ൽ എൻ.സി.പി വിട്ട് ബി.ജെ.പിയിൽ ചേർന്ന ഡോ. ഭാരതി പവറാണ് സിറ്റിങ് എം.പി. നരേന്ദ്ര മോദി സർക്കാറിൽ കുടുംബ ക്ഷേമ സഹമന്ത്രിയാണവർ.
ശരദ് പവാർ പക്ഷ എൻ.സി.പിയിലെ ഭാസ്കർ ഭഗറേയാണ് എതിരാളി. ഇൻഡ്യ ബ്ലോക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് മത്സരത്തിന് ഒരുങ്ങിയ സി.പി.എം നേതാവ് ജെ.പി. ഗാവിദ് പിന്നീട് പത്രിക പിൻവലിച്ചതോടെ ഭാരതി പവാറും ഭാസ്കർ ഭഗറേയും നേരിട്ടാണ് പോര്. ശരദ് പവാറിന്റെ ഇടപെടലിനെതുടർന്നാണ് ഗാവിദിന്റെ പിന്മാറ്റം. ഏഴുതവണ എം.എൽ.എയായ ഗവിദ് കർഷകരുടെ പ്രിയപ്പെട്ട നേതാവാണ്.
നാസിക്കിൽനിന്ന് മുംബൈയിലേക്ക് കർഷകർ നടത്തിയ അഖിലേന്ത്യാ കിസാൻ സഭയുടെ കാൽനടജാഥയുടെ മുൻനിര നേതാവായിരുന്നു അദ്ദേഹം. സ്ഥാനാർഥിത്വം പിൻവലിച്ച് അദ്ദേഹം എൻ.സി.പി സ്ഥാനാർഥി ഭാസ്കർ ഭഗറേക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇൻഡ്യാ ബ്ലോക്കിന് പ്രതീക്ഷകൂട്ടുന്നു.
സവാള മൊത്ത വിപണി കേന്ദ്രങ്ങളുടെ ഹബ്ബാണ് ഡിംഡോരി. ഏഷ്യയിലെ ഏറ്റവും വലിയ സവാള വിപണന കേന്ദ്രമായ ലാസൽഗാവ് ഇവിടെയാണ്. കേന്ദ്ര സർക്കാറിന്റെ സവാള കയറ്റുമതി നിരോധനത്തിൽ പൊറുതിമുട്ടിയവരാണ് ഇവിടത്തെ കർഷകർ. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മേയ് നാലിന് കയറ്റുമതി നിരോധനം പിൻവലിച്ചത് ഏറെ ആശ്വാസകരമെങ്കിലും അതിലെ രാഷ്ട്രീയം കർഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.
സവാള കയറ്റുമതിക്ക് ആദ്യം 40 ശതമാനം തീരുവ ഏർപ്പെടുത്തുകയും പിന്നീട് കയറ്റുമതി നിരോധിക്കുകയും ചെയ്തതുമൂലം വൻ സാമ്പത്തിക നഷ്ടമാണ് കർഷകർക്കുണ്ടാക്കിയതെന്ന് സവാള കർഷകരുടെ നേതാവ് ഭരത് ഡിഘോലെ പറഞ്ഞു. വോട്ടിങ്ങിൽ അത് പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2008 ൽ നിലവിൽവന്നതാണ് ഡിംഡോരി ലോക്സഭ മണ്ഡലം. 2009 ലും 2014 ലും ബി.ജെ.പിയുടെ ഹരിശ്ചന്ദ്ര ചവാനാണ് ജയിച്ചത്. 2019 ൽ എൻ.സി.പി വിട്ടെത്തിയ ഭാരതി പവാറിന് സീറ്റ് നൽകുകയായിരുന്നു. ശരദ് പവാറിന്റെ വിശ്വസ്തൻ എ.ടി. പവാറിന്റെ മരുമകളാണ് ഭാരതി.
ഭാരതിക്ക് സീറ്റ് നൽകി എൻ.സി.പി കോട്ട തകർക്കുകയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. ഡിംഡോരി ലോക്സഭാ മണ്ഡലത്തിന് കീഴിലെ ആറ് നിയമസഭാ സീറ്റുകളിൽ നാലും അവിഭക്ത എൻ.സി.പിയാണ് നേടിയത്. ഒന്ന് വീതം ശിവസേനയും ബി.ജെ.പിയും. പാർട്ടി പിളർപ്പിന് ശേഷം നാല് എം.എൽ.എമാർ എൻ.സി.പി അജിത് പവാറിനൊപ്പമാണ്
പാർട്ടിക്കുള്ളിലെ പോരും ഭാരതി പവാറിന് തലവേദനയാണ്. ഭാരതിക്ക് വീണ്ടും സീറ്റ് നൽകിയതിൽ മുൻ എം.പി ഹരിശ്ചന്ദ്ര ചവാൻ ക്ഷുഭിതനാണ്. സ്വതന്ത്രനായി പത്രിക നൽകിയ ഹരിശ്ചന്ദ്രയെ പാർട്ടി നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. കർഷകരോഷവും ജെ.പി. ഗാവിതിന്റെ പിന്തുണയും ഇത്തവണ തുണയാകുമെന്ന് ഇൻഡ്യാ ബ്ലോക്ക് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.