ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ‘എഡ്ടെക്’ സ്ഥാപനമായ ബൈജൂസിന്റെ രേഖകളുടെ പരിശോധന വേഗത്തിലാക്കാനും റിപ്പോർട്ട് നൽകാനും കോർപറേറ്റ്കാര്യ മന്ത്രാലയം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ തീരുമാനിക്കും.
കഴിഞ്ഞ വർഷം ജൂലൈയിൽ മന്ത്രാലയത്തിന്റെ ഹൈദരാബാദിലെ റീജനൽ ഡയറക്ടർ ഓഫിസിനോട് ‘ബൈജൂസ്’ എന്ന ബ്രാൻഡിൽ പ്രവർത്തിക്കുന്ന തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ പരിശോധന നടത്താൻ നിർദേശിച്ചിരുന്നു. കമ്പനിക്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ കഴിയാത്തതും ഓഡിറ്ററുടെ രാജിയും ഉൾപ്പെടെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിർദേശം. ചില വർഷങ്ങളിൽ സ്ഥാപനം നടത്തിയ സാമ്പത്തിക വെളിപ്പെടുത്തലുകൾ സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ഐ.സി.എ.ഐ) പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞദിവസം നടന്ന അസാധാരണ പൊതുയോഗത്തിൽ ബൈജൂസിന്റെ തലപ്പത്തുനിന്ന് സ്ഥാപകൻ ബൈജു രവീന്ദ്രനെ നിക്ഷേപകർ പുറത്താക്കി പ്രമേയം പാസാക്കിയിരുന്നു. ബൈജു രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരെയും ബോർഡിൽനിന്ന് പുറത്താക്കി. എന്നാൽ, സ്ഥാപകരുടെ അഭാവത്തിൽ നടത്തിയ വോട്ടിങ് അസാധുവാണെന്ന് ബൈജൂസ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.