ന്യൂഡൽഹി: ട്രെയിൻ ഓടിക്കുന്നതിനൊപ്പം ഹോട്ടൽ ബിസിനസിലേക്കും കടക്കാനൊരുങ്ങി റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷനിൽനിന്ന് (ഐ.ആർ.സി.ടി.സി) ഹോട്ടൽ ബിസിനസ് പിടിച്ചെടുക്കാനാണ് റെയിൽവേയുടെ നീക്കം. റെയിൽവേ സ്റ്റേഷനുകളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ ഫുഡ് പ്ലാസകൾ, ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങൾ, മൾട്ടിക്യുസിൻ റസ്റ്റാറന്റുകൾ എന്നിവ റെയിൽവേ നേരിട്ട് നടത്തും.
ട്രെയിൻ ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കലാണ് ലക്ഷ്യം. ഇതിനായി 17 റെയിൽവേ സോണുകൾക്ക് നിർദേശമയച്ചു. ആദ്യ ഘട്ടമായി നൂറോളം ഹോട്ടലുകളാണ് തുടങ്ങുക. നിലവിൽ ട്രെയിനുകളിൽ ഭക്ഷണ വിതരണം നടത്തുന്നത് പൊതുമേഖലയിലെതന്നെ ഐ.ആർ.സി.ടി.സിയാണ്.
സ്റ്റേഷനുകളിലെ ഹോട്ടലുകളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും ലൈസൻസികൾ വഴി നടത്തുന്നതും ഐ.ആർ.സി.ടി.സിതന്നെ.
ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി പരമാവധി വരുമാനം നേടാൻ ഐ.ആർ.സി.ടി.സിക്ക് കഴിയാത്ത സാഹചര്യത്തിലാണ് റെയിൽവേ നേരിട്ട് ഹോട്ടലുകൾ തുടങ്ങുന്നത്. ഉയർന്ന ലൈസൻസ് ഫീസ്, റെയിൽവേ ഭൂമിയുടെ ഉയർന്ന വില, ഹോട്ടലുകൾക്ക് അനുചിതമായ സ്ഥലങ്ങൾ തുടങ്ങിയവയാണ് ഐ.ആർ.സി.ടി.സിക്ക് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിൽ ഐ.ആർ.സി.ടി.സിക്ക് അനുവദിച്ച സ്ഥലങ്ങൾ റെയിൽവേ ഏറ്റെടുക്കും. ഇതിനായി ഉന്നത ഉദ്യോഗസ്ഥർ വിവിധ കേന്ദ്രങ്ങളിൽ പരിശോധനയും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.