മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ മന്ത്രിസഭ വികസനത്തിനു പിന്നാലെ ബി.ജെ.പി, ഷിൻഡെ പക്ഷ ശിവസേന, അജിത് പവാർ പക്ഷ എൻ.സി.പി പാർട്ടികളിൽ അസ്വാരസ്യം. മന്ത്രിപദവി നൽകാത്തതിൽ പരസ്യമായി പ്രതികരിച്ചും ആദ്യ ദിവസംതന്നെ നിയമസഭ സമ്മേളനത്തിൽനിന്ന് വിട്ടുനിന്നും പ്രതിഷേധം. ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ ധനമന്ത്രിയുമായ സുധീർ മുൻഗൻ ടിവാർ, അജിത് പക്ഷ നേതാവ് മുൻ ഉപമുഖ്യമന്ത്രി ഛഗൻ ഭുജ്ബൽ, മഹായുതിയെ പിന്തുണക്കുന്ന സ്വതന്ത്രൻ രവി റാണ തുടങ്ങിയവരാണ് തിങ്കളാഴ്ച സഭയിൽ ഹാജരാകാതിരുന്നത്.
ഞായറാഴ്ച നാഗ്പുരിൽ നിയമസഭ സമ്മേളനത്തിന് എത്തിയ ഭുജ്ബൽ തിങ്കളാഴ്ച നാസികിലേക്ക് മടങ്ങി. മറാത്ത സംവരണ സമരത്തെ എതിർത്തതിനും ഒ.ബി.സിക്ക് വേണ്ടി സംസാരിച്ചതിനുമുള്ള ‘സമ്മാന’മെന്നാണ് ഭുജ്ബലിന്റെ പ്രതികരണം. ഷിൻഡെ പക്ഷത്ത് നരേന്ദ്ര ഭൊണ്ഡേക്കർ പാർട്ടി പദവികളിൽനിന്ന് രാജിവെച്ചു. മഹായുതിയിലെ മൂന്ന് നേതാക്കളും തന്നെ അവഹേളിച്ചെന്ന് മറ്റൊരു ഷിൻഡെ പക്ഷ നേതാവ് വിജയ് ശിവ്താരെ പറഞ്ഞു.
മന്ത്രിസഭയിൽ ജാതിക്കാണ് പ്രാമുഖ്യം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, നിലവിലെ മന്ത്രിമാരുടെ പ്രവർത്തനക്ഷമത പരിശോധിക്കുമെന്നും രണ്ടര വർഷത്തിനു ശേഷം കാര്യക്ഷമമല്ലാത്തവരെ മാറ്റുമെന്നും പുതിയ മന്ത്രിമാരെ കണ്ടെത്തുമെന്നും മഹായുതി നേതാക്കളുടെ സംയുക്ത വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മന്ത്രിസഭയിലെ ഏക മുസ്ലിം അംഗം അജിത് പക്ഷത്തെ ഹസൻ മുശരിഫാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.