ന്യൂഡൽഹി: അടാല പള്ളിയിൽ സർവേക്ക് ഉത്തരവിടാൻ വിസമ്മതിച്ച് യു.പി കോടതി. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഉത്തർപ്രദേശിലെ കോടതിയുടെ ഉത്തരവ്. ആരാധന നിയമത്തിനെതിരെ വരുന്ന ഹരജികളിൽ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കുന്നതിന് കീഴ്കോടതിയെ സുപ്രീംകോടതി വിലക്കിയിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് അടാല പള്ളിയിൽ സർവേ നടത്താൻ യു.പി കോടതി അനുവദിക്കാതിരുന്നത്.
ജുൻപൂർ സിവിൽജഡ്ജി സുധ ശർമ്മയുടേതാണ് ഉത്തരവ്. വലതുസംഘടനയായ സ്വരാജ് വാഹിനി അസോസിയേഷനാണ് ഇതുസംബന്ധിച്ച് ഹരജി നൽകിയത്. 14ാം നൂറ്റണ്ടാിൽ നിർമിക്കപ്പെട്ട പള്ളി യഥാർഥത്തിൽ ഹിന്ദുക്ഷേത്രമാണെന്നും അടാല ദേവിയാണ് ഇവിടെത്തെ പ്രതിഷ്ഠയെന്നുമാണ് ഹരജിയിലെ ആരോപണം.
ഫിറോസ് തുഗ്ലക് അധികാരം പിടിച്ചതിന് ശേഷമാണ് 13ാം നൂറ്റാണ്ടിൽ ക്ഷേത്രം തകർത്ത് പള്ളി നിർമിക്കുകയായിരുന്നുവെന്നാണ് ഹരജിയിലെ ആരോപണം. എന്നാൽ, സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
അതിനിർണായകമായ ഇടപെടലിൽ 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായി ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ചുള്ള പുതിയ കേസുകളൊന്നും കോടതികൾ സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. നിയമത്തിന്റെ സാധുത കോടതി പരിശോധിക്കും.
പള്ളികൾക്കും ദർഗകൾക്കുമെതിരായ കേസുകളിൽ പുതുതായി സർവേ നടത്തുന്നതും ഇനിയൊരുത്തരവുണ്ടാകുന്നത് വരെ സുപ്രീംകോടതി തടഞ്ഞു. ഇത് കൂടാതെ നിലവിലുള്ള കേസുകളിൽ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കരുതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. അതേസമയം പള്ളികൾക്കും ദർഗകൾക്കും മേൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വവാദികൾ സമർപ്പിച്ച കേസുകളിൽ തുടർനടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.