ന്യൂഡൽഹി: വംശീയകലാപം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര സർക്കാർ രൂപവത്കരിച്ച സമാധാന സമിതിയിൽ ഭിന്നത. ഗവർണർ അധ്യക്ഷനായി രൂപവത്കരിച്ച സമാധാന സമിതി ബഹിഷ്കരിക്കുമെന്ന് കുകി വിഭാഗം വ്യക്തമക്കി. സമിതിയിൽ മെയ്തി, കുകി സമുദായങ്ങളില്‍ നിന്നുള്ളവരടക്കം 51 അംഗങ്ങളാണുള്ളത്. സമിതിയിൽ മുഖ്യമന്ത്രി ഇഷ്ടക്കാരെ കുത്തിനിറക്കുകയാണെന്നും എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വിട്ടുകൊടുക്കാതെ കേന്ദ്രം നേരിട്ട് നിയന്ത്രിക്കണമെന്നും കുകി വിഭാഗം അവശ്യപ്പെട്ടു.
തങ്ങളുടെ സമ്മതമില്ലാതെയാണ് സമിതിയില്‍ കുകി വിഭാഗത്തിലെ അംഗങ്ങളെ തെരഞ്ഞെടുത്തതെന്ന് കുകി സമുദായത്തെ പ്രതിനിധാനംചെയ്യുന്നവര്‍ പറയുന്നു.
സമിതിയിലെ 25 പേര് മെയ്തി വിഭാഗക്കാരും 11 അംഗങ്ങള്‍ കുകി വിഭാഗത്തില്‍ നിന്നുള്ളവരും 10 പേര് നാഗാ സമുദായക്കാരുമാണ്. മുസ്ലിംകളിൽ നിന്ന് മൂന്നും നേപ്പാളി സമുദായത്തിൽ രണ്ട് അംഗങ്ങളുമാണുള്ളത്. ‘തങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവരെ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, കലാപം തുടർന്നുകൊണ്ടിരിക്കുമ്പോൾ മണിപ്പൂർ സർക്കാറുമായി സംസാരിക്കാനാകില്ല’ -കുകി വിഭാഗം നേതാവ് അജാങ് കോങ്സായി പറഞ്ഞു.
മണിപ്പൂരിലെ നാലു ദിവസത്തെ സന്ദര്‍ശനത്തിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സംസ്ഥാനത്ത് സമാധാന സമിതി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. അമിത് ഷാ ഇടപെട്ടിട്ടും വംശീയ കലാപം രൂക്ഷമായി തുടരുന്നതിനിടെയാണ് സമാധന സമിതിയിലും പ്രതിസന്ധി ഉടലെടുത്തത്.
ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമാധാനാഹ്വാനത്തിനു ശേഷവും കലാപത്തീ അണയാത്ത മണിപ്പൂരിലേക്ക് സർവകക്ഷി സംഘത്തെ അയക്കണമെന്ന് കോൺഗ്രസ്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തികഞ്ഞ മൗനം പാലിക്കുന്നതിന്റെ യുക്തി കോൺഗ്രസ് ചോദ്യം ചെയ്തു.
കേന്ദ്ര-സംസ്ഥാന ബി.ജെ.പി സർക്കാറുകളെ മണിപ്പൂരിൽ ജനം വിശ്വാസത്തിലെടുക്കാത്ത സാഹചര്യമാണെന്ന് കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, വസ്തുതാന്വേഷണ സംഘത്തെ നയിച്ച മുകുൾ വാസ്നിക് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കലാപം അടങ്ങാത്ത മണിപ്പൂരിൽ രണ്ടു ദേശീയപാതകൾ തുറക്കാൻ കഴിയാത്തതുമൂലം അവശ്യസാധന ദൗർലഭ്യം രൂക്ഷമാണ്. പലായനം ചെയ്തവർ ലക്ഷത്തിനു മുകളിലായി. അര ലക്ഷത്തിൽപരം ആളുകൾ 349 ക്യാമ്പുകളിലായി കഴിയുന്നു.
സർക്കാർ കണക്കുപ്രകാരം 100 പേർ കൊല്ലപ്പെട്ടു. കാണാതായവർ നിരവധി. ഇന്റർനെറ്റ് വിലക്ക് 15 വരെ ദീർഘിപ്പിച്ചു. ഇത്തരത്തിൽ ഒരു സംസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രി സ്ഥിതിഗതികളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്. ഭരണകൂടത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനും സാധാരണനിലയിലേക്ക് സംസ്ഥാനത്തെ നയിക്കാനും കഴിയണം. എന്നാൽ, മോദി തികഞ്ഞ മൗനത്തിലാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.