ഇസ്ലാമാബാദ്: പാകിസ്താൻ കോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരനായ മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവ് പാകിസ്താനിൽ ഇൗയിടെ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള നിർണായക വിവരം കൈമാറിയെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ. പാക് പത്രമായ ‘ഡോണി’ന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. എന്നാൽ, ജാദവ് കൈമാറിയ വിവരങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ജാദവ് ഇന്ത്യൻ ചാരനായിരുന്നുവെന്ന് തെളിയിക്കാൻ ആവശ്യമായ എല്ലാ രേഖകളും ലഭിച്ചിട്ടുണ്ടെന്ന് പാക് അറ്റോണി ജനറൽ അസ്തർ യുസുഫ് പറഞ്ഞു. സുരക്ഷ മുൻനിർത്തി ഇതേക്കുറിച്ചുള്ള വിവരം പുറത്തുവിടാൻ കഴിയില്ല. ഇൗ രേഖകൾ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സമർപ്പിക്കും. അന്താരാഷ്ട്ര കോടതി ജാദവിെൻറ വധശിക്ഷ നിർത്തിവെക്കാൻ ഉത്തരവിട്ടത് നിയമപരമായ നടപടിക്രമം മാത്രമാണ്. അത് ഇന്ത്യയുടെ വിജയമോ പാകിസ്താെൻറ പരാജയമോ അല്ല. കേസിൽ പാകിസ്താൻ വിജയിക്കും.
ഹേഗിലെ കോടതിയിൽ കേസ് വാദിക്കുന്ന അഭിഭാഷക സംഘത്തെ മാറ്റിയിട്ടില്ല, ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക് പട്ടാളക്കോടതി ജാദവിന് വിധിച്ച വധശിക്ഷ കഴിഞ്ഞ മേയ് 18നാണ് അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തത്.
ഇതേ തുടർന്ന് കേസ് ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് ആരോപിച്ച് പാക് സർക്കാറിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.