ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ അവകാശവാദങ്ങൾ പൊളിച്ചെഴുതിയ ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസ് (ഐ.ഐ.പി.എസ്) തലവൻ കെ.എസ്. ജെയിംസിനെ പുറത്താക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. മോദി സർക്കാറിനെ പ്രകീർത്തിക്കാത്തതോ അവരുടെ അവകാശവാദങ്ങൾ ന്യായീകരിക്കപ്പെടാത്തതോ ആയ ഡാറ്റകൾ പുറത്തുവന്നാൽ കേന്ദ്രം സ്വീകരിക്കുന്ന പതിവ് നടപടിയാണിതെന്ന് അദ്ദേഹം വിമർശിച്ചു.
സർക്കാറിനെതിരെ കൃത്യമായ ഡാറ്റകൾ നിലവിലുണ്ടായിട്ടും അത് ജനങ്ങളിലേക്കെത്തിക്കാതിരിക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമങ്ങൾ ഊർജിതമാണെന്നും സർക്കാറിന് തന്നെ തിരിച്ചടിയാകുമെന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ അദ്ദേഹത്തിന്‍റെ പരിവാരങ്ങളുടെയോ അവകാശവാദങ്ങളെ പിന്തുണക്കാത്ത ഡാറ്റകൾ പുറത്തുവരുമ്പോൾ കേന്ദ്ര സർക്കാർ സ്ഥിരമായി താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒരു കാര്യമോ അല്ലെങ്കിൽ ഇവയിലെല്ലാമോ ചെയ്യും:
1. ഡാറ്റയിലേക്കുള്ള ആക്സസ് തടയുക
2. വിവരങ്ങൾ ശേഖരിച്ച രീതിയെ ചോദ്യം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുക
3. ഡാറ്റ നിരാകരിക്കുക
4. ആ ഡാറ്റയുടെ പ്രസിദ്ധീകരണം നിർത്തലാക്കുക
5. ഡാറ്റ ശേഖരിക്കാനും പ്രസിദ്ധീകരിക്കാനും മേൽനോട്ടം വഹിച്ചവരെ അപകീർത്തിപ്പെടുത്തുക.
പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾക്ക് നേർവിപരീതമാണ് റിപ്പോർട്ട് എന്ന് മനസിലാക്കുമ്പോൾ ഡാറ്റ ലഭ്യമല്ല എന്ന് പറയുന്നതിന് പുറമെയാണിത്.
2021ൽ നടക്കേണ്ടിയിരുന്ന സെൻസസിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല എന്നതും ഇതോടൊപ്പം ചേർത്തുവായിക്കാം. സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്ത് സെൻസസ് നടപ്പാക്കുന്നതിൽ താത്പര്യമില്ലായ്മ കാണിക്കുന്ന ആദ്യത്തെ സർക്കാറാണിത്’’ -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഈയിടെ ഐ.ഐ.പി.എസ് നടത്തിയ അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേ ഫലം സർക്കാറിന്റെ അവകാശവാദങ്ങൾക്ക് എതിരായതിനാലായിരുന്നു കെ.എസ് ജെയിംസിനെ കേന്ദ്രം പുറത്താക്കിയത്. ശൗചാലയങ്ങൾ, പാചകവാതകം, പോഷകാഹാരക്കുറവ് തുടങ്ങിയവ സംബന്ധിച്ച കേന്ദ്രത്തിന്‍റെ പൊള്ളയായ വാദങ്ങൾക്ക് വിരുദ്ധമായി സർവേ ഫലം പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി.
റിക്രൂട്ട്‌മെന്റിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയതെങ്കിലും കേന്ദ്ര സർക്കാറിന്റെ വാദങ്ങൾ കണക്കുകൾ നിരത്തി പൊളിച്ചതാണ് പ്രകോപനമെന്നാണ് സൂചന. മുംബൈ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി 2018ലാണ് ജെയിംസ് നിയമിതനായത്. ഹാർവാർഡ് സെന്റർ ഫോർ പോപ്പുലേഷൻ ആൻഡ് ഡെവലപ്‌മെന്റിൽ നിന്ന് പോസ്റ്റ്ഡോക്ടറൽ ബിരുദം നേടിയ ഇദ്ദേഹം നേരത്തെ ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ജനസംഖ്യ പഠന വിഭാഗം പ്രഫസറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.