ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മുസ്ലിം മസ്ജിദുകളിൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വ ശക്തികൾ വർഗീയ വിഭജനത്തിന് ശ്രമിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വൈകാരിക അഭ്യർഥനയുമായി ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം അഹ്മദ് ബുഖാരി.
രാജ്യത്തെ മുസ്ലിംകളോട് പ്രധാനമന്ത്രി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളിയാഴ്ചത്തെ ജുമുഅ ഖുത്തുബയിലാണ് ഇമാമിന്‍റെ അഭ്യർഥന. ‘ഇരിക്കുന്ന പദവിയോട് പ്രധാനമന്ത്രി നീതി പുലർത്തണം. മുസ്ലിംകളുടെ ഹൃദയം കീഴടക്കു. രാജ്യത്തിന്‍റെ സമാധാനം തകർക്കാനും സംഘർഷം സൃഷ്ടിക്കാനും ശ്രമിക്കുന്ന അക്രമികളെ തടയു’ -ബുഖാരി പറഞ്ഞു.
രാജ്യം 1947ൽ കടന്നുപോയതിനേക്കാൾ മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ പോകുന്നത്. രാജ്യത്തിന്‍റെ പോക്ക് എവിടേക്കാണെന്ന് ഒരാൾക്കുപോലും അറിയില്ലെന്നും നിറകണ്ണുകളോടെ ഇമാം പറഞ്ഞു. സംഘർഷം തടയാൻ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം. വിഷയം പരിഹരിക്കാനായി മുസ്ലിം, ഹിന്ദു സമുദായങ്ങളിൽനിന്ന് മൂന്നുപേരെ വീതം ക്ഷണിച്ച് ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ സംഭലിൽ മുഗൾ ഭരണകാലത്തെ ശാഹി ജമാ മസ്ജിദിൽ ജില്ലാ കോടതി സർവേക്ക് അനുമതി നൽകിയത് സംഘർഷത്തിലേക്കും പൊലീസ് വെടിവെപ്പിൽ അഞ്ചു പേർ മരിക്കുന്നതിനും കാരണമായിരുന്നു.
ക്ഷേത്രം പൊളിച്ചാണ് മുഗൾ ചക്രവർത്തി ബാബർ മസ്ജിദ് പണിതതെന്ന് അവകാശപ്പെട്ട് വിഷ്ണു ശങ്കർ ജയിൻ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
‘ഡൽഹി ജുമാ മസ്ജിദിൽ സർവേ നടത്താൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ലെന്നാണ് എ.എസ്.ഐ പറഞ്ഞത്. എന്നാൽ സംഭലിലും അജ്മീറിലും മറ്റ് സ്ഥലങ്ങളിലും നടക്കുന്ന സർവേയെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കണം. ഇതൊന്നും രാജ്യത്തിന് നല്ലതല്ല. നിമിഷ നേരംകൊണ്ടുവരുത്തുന്ന തെറ്റ് നൂറ്റാണ്ടുകൾ രാജ്യത്തെ വേട്ടയാടും. രാജ്യം എത്രനാൾ ഇങ്ങനെ മുന്നോട്ടുപോകും, എത്ര കാലം ഹിന്ദു മുസ്ലീം, ക്ഷേത്രം പള്ളി തർക്കം തുടരും’ -ബുഖാരി ചോദിച്ചു.
അടുത്തിടെ അജ്മീറിലെ പ്രശസ്തമായ ഖ്വാജ മുഈനുദ്ദീൻ ചിസ്തി ദർഗയിലും അവകാശവാദമുന്നയിച്ച് കോടതിയിൽ ഹരജി നൽകിയിരുന്നു. ഖ്വാജ മുഈനുദ്ദീൻ ചിസ്തി ദർഗ ക്ഷേത്രമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ അജ്മീർ കോടതി ദർഗ കമ്മിറ്റിക്കും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും നോട്ടീസ് അയക്കുകയും ചെയ്തു. വിഷ്ണുശർമ ഗുപ്ത സമർപ്പിച്ച ഹരജിയിൽ ഡിസംബർ 20നാണ് അടുത്ത വാദം കേൾക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.