ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിെനതിരെ ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥികളുടെ സമരം കാമ്പസിനു പുറത്ത് തുടരുന്നു. പ്രക്ഷോഭത്തെ തുടർന്ന് കാമ്പസ് അടച്ചെങ്കിലും വിദ്യാർഥികൾ സമരവുമായി മുന്നോട്ടുപോകുകയാണ്. രാവിലെ സമരമുഖത്ത് എത്തി രാത്രിയോടെ പിരിഞ്ഞുപോകുന്ന രീതിയിലാണ് സമരം മുന്നോട്ടുപോകുന്നത്. റോഡിനിരുവശത്തുനിന്നും പ്രതിഷേധിക്കുന്ന വിദ്യാർഥികൾ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. സമാധാനപരമായിട്ടാണ് സമരം നടത്തുന്നത്. ഇവർക്ക് പിന്തുണയുമായി സാമൂഹികപ്രവർത്തക മേധാപട്കർ, സി.പി.ഐ നേതാവും ജെ.എൻ.യു മുൻ സമര നേതാവുമായ കനയ്യകുമാർ തുടങ്ങിയവർ കഴിഞ്ഞദിവസങ്ങളിൽ എത്തിയിരുന്നു. ജാമിഅ വിദ്യാർഥികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾ ഏകോപിപ്പിക്കാൻ സംയുക്ത സമര സമിതി രൂപവത്കരിച്ചിട്ടുണ്ട്.
മനുഷ്യാവകാശ കമീഷൻ ജാമിഅ സന്ദർശിച്ചു
ന്യൂഡൽഹി: പൊലീസ് അതിക്രമം അരങ്ങേറിയ ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാല കാമ്പസ് ദേശീയ മനുഷ്യാവകാശ കമീഷൻ സന്ദർശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ നേരിടാനെന്ന പേരിൽ അനുമതിയില്ലാതെ പൊലീസ് കാമ്പസിൽ പ്രവേശിച്ച് ലൈബ്രറിയും ഹോസ്റ്റലും അടക്കമുള്ള സ്ഥലങ്ങളിൽ വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം വിവാദമായതിനെ തുടർന്നാണ് ഏഴംഗ മനുഷ്യാവകാശ കമീഷൻ സംഘം എത്തിയത്. ലൈബ്രറിയും മറ്റും കമീഷൻ സംഘം സന്ദർശിച്ചതായി വാഴ്സിറ്റി അധികൃതർ പറഞ്ഞു.
െഎക്യദാർഢ്യവുമായി ജാമിഅ വി.സിയുടെ കത്ത്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ജാമിഅ മില്ലിയ സർവകലാശാല വൈസ് ചാൻസലർ നജ്മ അക്തറിെൻറ തുറന്ന കത്ത്. വിദ്യാര്‍ഥികളുടെ സുരക്ഷയും ക്ഷേമവുമാണ് സര്‍വകലാശാലക്ക് പ്രധാനം. വളച്ചൊടിച്ച വാര്‍ത്തകളിലും ഊഹാപോഹങ്ങളിലും തെറ്റിദ്ധരിക്കപ്പെടരുത്. വിദ്യാര്‍ഥികള്‍ നേരിടുന്ന അക്രമങ്ങളിലും വിഷമങ്ങളിലും അമ്മയുടേതെന്നപോലെ ഉത്കണ്ഠയും വേവലാതിയുമുണ്ട്. പ്രതിഷേധത്തിെൻറ ആദ്യ ദിവസംതന്നെ വിദ്യാര്‍ഥിസമരം സമാധാനപരമായിരിക്കണമെന്ന് സര്‍വകലാശാല വ്യക്തമാക്കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ പൊലീസ് കാമ്പസില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥികള്‍ക്കുനേരെ അതിക്രമം നടത്തി.
പരിക്കേറ്റവരെ കണ്ടിരുന്നു. സാമ്പത്തികവും മാനസികവുമായ എല്ലാ പിന്തുണയും നല്കി സര്‍വകലാശാല കൂടെനില്‍ക്കുമെന്ന് അവരുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അവരെ പഠനത്തിലേക്ക് തിരികെ എത്തിക്കുകയെന്നതാണ് പ്രാഥമിക ലക്ഷ്യം. വിദ്യാര്‍ഥി പ്രതിനിധികളുമായും സംസാരിച്ചു. അവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അതില്‍ ചിലത് സ്വാഗതാര്‍ഹമാണ്. അവ പരിഗണിച്ചുവരുകയാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നും ജാമിഅക്ക് പിന്തുണ പ്രവഹിക്കുകയാണ്. ഡിസംബര്‍ 15ന് നടന്ന സംഭവത്തില്‍നിന്ന് നമ്മള് കരകയറി വരുന്നതേയുള്ളൂ. ഈ പ്രതിസന്ധി ഘട്ടവും കടന്നുപോകുമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കുന്നു. കൂടുതല്‍ കരുത്തരും ഉറച്ചവരുമായി നമ്മള് വീണ്ടും ഉദിച്ചുവരുകതന്നെ ചെയ്യുമെന്നും വിദ്യാർഥികൾക്കായി എഴുതിയ തുറന്ന കത്തിൽ വി.സി വ്യക്തമാക്കി.
പ്രതിഷേധം തെരുവിൽ വേണ്ടെന്ന് മായാവതി
ലഖ്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തെരുവിൽ വേണ്ടെന്ന് ബി.എസ്.പി നേതാവ് മായാവതി. മറ്റ് പാർട്ടികളെ പോലെ നശീകരണത്തിൽ വിശ്വസിക്കുന്നില്ല. ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും നിവേദനങ്ങളിലൂടെയും കത്തിലൂടെയും പ്രവർത്തകർ പ്രതിഷേധം അറിയിക്കുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.